അര്‍ജ്ജുനന്റെ ശപഥം പാണ്ഡവന്മാരെയും ആ പക്ഷത്തുള്ള രാജാക്കന്മാരെയും മാത്രമല്ല ശ്രീകൃഷ്ണഭഗവാനെപ്പോലും വളരെ വിഷമിപ്പിച്ചു അതിനു തെളിവാണ് ശപഥം ചെയ്ത രാത്രിയില്‍ ശ്രീകൃഷ്ണനും ദാരുകനും തമ്മില്‍ നടന്ന സംഭാഷണം.
പിറ്റേദിവസം ജയദ്രഥനെ കൊല്ലുവാന്‍ അര്‍ജ്ജുനനും പാണ്ഡവന്മാരും മുന്നോട്ടുനീങ്ങി. അന്നത്തെ യുദ്ധം ഭയങ്കരമായിരുന്നു. അര്‍ജ്ജുനന് ദ്രോണര്‍ തുടങ്ങിയ ആറു മഹാരഥന്മാരുടെ മധ്യത്തില്‍നിന്നിരുന്ന ജയദ്രഥന്റെ സമീപത്തെത്തുവാന്‍ അത്രയെളുപ്പമല്ലായിരുന്നു. അതു അര്‍ജ്ജുനനെ വളരെ വിഷമിപ്പിച്ചു. അദ്ദേഹം കൂടെക്കൂടെ ഭഗവാനെ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
വൈകാറായപ്പോള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞു. ”അല്ലയോ അര്‍ജ്ജുന, ഈ മഹാരഥന്മാരെയെല്ലാം ജയിച്ചു സന്ധ്യയ്‌ക്കുമുമ്പു ജയദ്രഥനെ കൊല്ലുവാന്‍ വലിയ പ്രയാസമാണെന്നു തോന്നുന്നു. നോക്കൂ,
ഞാന്‍ വേറൊരു ഉപായം പ്രയോഗിക്കാന്‍ പോകുകയാണ് യോഗേശ്വരനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഞ്ചാറുനാഴിക പകലുള്ളപ്പോള്‍ സൂര്യനെ മറയ്‌ക്കുന്നതിനുവേണ്ടി ഘോരമായ അന്ധകാരം സൃഷ്ടിച്ചു. അതെല്ലായിടത്തും വ്യാപിച്ചപ്പോള്‍ സൂര്യന്‍ അസ്തമിച്ചതുപോലെ തോന്നി. അതുകണ്ട് കൗരവന്മാര്‍ വളരെ സന്തോഷിച്ചു.
…. തുടരും
















