ന്യൂദല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വകുപ്പു മന്ത്രിയായിരിക്കെ ചരക്കു കടത്തിന്റെ മറവില്‍ റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരും സ്വകാര്യകമ്പനികളും ചേര്‍ന്ന് കാലങ്ങളായി നടത്തുന്ന അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു സിമന്റ് കമ്പനികള്‍ സിബിഐ നിരീക്ഷണത്തില്‍. തെക്കേയിന്ത്യയിലുള്ള ഒരു സിമന്റ് കമ്പനിയെയും സംശയിയിക്കുന്നുണ്ട്.
ചരക്കു ഭാരത്തിന്റെ അളവില്‍ കൃത്രിമം കാണിച്ച് കൂടുതല്‍ ചരക്ക് കയറ്റിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇതിനു വേണ്ടി റെയില്‍വേയുടെ ഭാരം അളക്കുന്ന അത്യാധുനിക യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ വരെ വരുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി 65 സ്ഥലങ്ങളില്‍ നടന്ന റെയ്ഡുകളിലാണ് സിബിഐ തട്ടിപ്പ് കണ്ടെത്തിയത്.
സിബിഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു സിമന്റ് കമ്പനികളെ ഉള്‍പ്പെടുത്തിയാകും കേസ് എടുക്കുകയെന്നാണ് അറിയുന്നത്.
ചരക്ക് കടത്തലിന് മേല്‍നോട്ടം വഹിക്കുന്ന ഒരു റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ മൊഴിയും ഇതിലുണ്ടാകുമെന്നാണ് സൂചന. 2013ല്‍ മാത്രം തൂക്കത്തില്‍ കൃത്രിമം കാട്ടി 4263 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
















