ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ കടുത്ത നിയമം തന്നെ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഭേദഗതികള്‍ വേണമെന്ന ്ചില എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളി.പുതിയ നിയമത്തില്‍ രണ്ടു ഭേദഗതികളാണ് ചില എംപിമാര്‍ ആവശ്യപ്പെട്ടത്.
ഒന്ന്: ഒരു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് വേണമെന്ന നിബന്ധന എടുത്തു കളയുക.
രണ്ട്: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ 20,000നു മേലുള്ള തുക മുന്‍കൂറായി നല്‍കരുതെന്ന വ്യവസ്ഥ ഉപേക്ഷിക്കുക. ഈ രണ്ടാവശ്യങ്ങളും നടപ്പില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
നേരിട്ട് നടക്കുന്ന പണമിടപാടുകളിലാണ് പലപ്പോഴും കള്ളപ്പണം ഒഴുകുന്നത്. അതിനാലാണ് ഒരു ലക്ഷത്തിനു മേലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആ വ്യവസ്ഥ ഒഴിവാക്കാന്‍ ആവില്ല. അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക തലത്തിലുള്ള കള്ളപ്പണ പ്രവാഹം തടയാനാണ് ഭൂമി ഇടപാടുകളില്‍ 20,000 രൂപയ്‌ക്കു മേല്‍ മുന്‍കൂറായി നല്‍കരുതെന്ന് വ്യവസ്ഥ വച്ചിരിക്കുന്നത്.
നല്ലൊരു പങ്ക് ജനങ്ങള്‍ക്കും പാന്‍ കാര്‍ഡ് ഇല്ലെന്നും അതിനാല്‍ ഒരു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് വേണമെന്ന നിബന്ധന എടുത്തു കളയണമെന്നുമാണ് ചിലര്‍ ആവശ്യപ്പെട്ടത്.
ജന്‍ ധന്‍ യോജന പോലെ ഒരു വലിയ പ്രചാരണത്തിലൂടെ നല്ലൊരു പങ്കിനെയും പാന്‍ കാര്‍ഡ് എടുപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അതിനാല്‍ ഈ വാദത്തിന് അര്‍ഥമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
















