ന്യൂദല്‍ഹി : രാജ്യത്തെ കാലവര്‍ഷത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിനായുള്ള ആഗോളഗവേഷണ പദ്ധതിയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. മണ്‍സൂണ്‍ മിഷന്‍ എന്ന ഈ പദ്ധതിയ്‌ക്ക് 400 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ദയനീയാവസ്ഥയിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്‍ദ്ദ വ്യതിയാനങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്തതാണ് രാജ്യത്തെ പ്രധാന പോരായ്‌മ.
തെറ്റായി കാലാവസ്ഥാ പ്രവചനം നടത്തുന്നത് രാജ്യത്തെ കര്‍ഷകരെ പലപ്പോഴും പ്രതിസന്ധിയിലാഴ്‌ത്തുന്നുണ്ട്. അതിനാലാണ് ഇന്ത്യന്‍ മഹാസമുദ്രത്തെ കേന്ദ്രീകരിച്ച് ആഗോളതലത്തില്‍ കാലാവസ്ഥാ പഠനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ കാലാവസ്ഥാ ഗവേഷകര്‍ പഠനത്തില്‍ പങ്കെടുക്കും. ഇവരുടെ കീഴില്‍ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷകര്‍ക്ക് മികച്ച പരിശീലനവും സാധ്യമാക്കുന്നതാണ്. ഗവേഷണത്തിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
കഴിഞ്ഞ 122 വര്‍ഷത്തിലധികമായി, കര്‍ഷക രാഷ്‌ട്രമായ ഭാരതത്തിലെ വരള്‍ച്ചയും വെള്ളപ്പൊക്കവും മുന്‍കൂട്ടി പ്രവചിക്കാന്‍ കാലാവസ്ഥ നരീക്ഷകര്‍ക്കു സാധിച്ചിട്ടില്ല. 2014ല്‍ സ്വാഭാവിക കാലവര്‍ഷമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാല്‍ കനത്ത വരള്‍ച്ചയാണുണ്ടായത്.
2011ല്‍ വരള്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചപ്പോള്‍ ആവര്‍ഷം കനത്ത കാലവര്‍ഷമാണുണ്ടായത്. കാലാവസ്ഥാ പഠനത്തില്‍ രാജ്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണരംഗത്തെ ന്യൂതനസാങ്കേതിക വശങ്ങളെ ഭാരത്തിലെ ഗവേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ക്കാര്‍ പഠനം സംഘടിപ്പിക്കുന്നതെന്ന് മെറ്ററോളജിക്കല്‍ഡ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ലക്ഷ്മണ്‍ സിംങ് റാഥോഡ് അറിയിച്ചു
















