പാറ്റ്‌ന: ബിഹാറില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും 32 പേര്‍ മരിച്ചു. 80 ലധികം പേര്‍ക്കു പരിക്കേറ്റു. ബിഹാര്‍ സര്‍ക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ശക്തമായ കൊടുങ്കാറ്റ് ഉണ്ടായത്.
പൂര്‍ണിയ, കതിഹാര്‍, മാഥേപുര ജില്ലകളിലാണ് മരണവും നാശനഷ്ടവും ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
കനത്ത മഴയ്‌ക്കൊപ്പം വീശിയ ശക്തമായ കാറ്റാണ് കൂടുതല്‍ നാശം വിതച്ചത്. മരങ്ങള്‍ ഒടിഞ്ഞുവീണും വീടുകള്‍ തകര്‍ന്ന് വീണും എണ്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. പൂര്‍ണിയയില്‍ മാത്രം ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിവരം. മരങ്ങള്‍ ഒടിഞ്ഞുവീണ് ദേശീയപാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
രാത്രി 10.30 ഓടെയാണ് കാറ്റും മഴയും തുടങ്ങിയത്. വൈദ്യുതി ലൈനുകളില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് വൈദ്യുതിയും പൂര്‍ണമായി മുടങ്ങി. ധഗാരുവ, ധാംദഹ, ബെയ്‌സി, പൂര്‍ണിയ തുടങ്ങിയ ബ്ലോക്കുകളിലാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായത്.
















