കൊല്‍ക്കത്ത: അങ്കിത് കേസരിയെന്ന താരം മരണമടഞ്ഞതിന് പിന്നാലെ കളിക്കളത്തില്‍ മറ്റൊരു കൊല്‍ക്കത്ത താരത്തിന് കൂടി പരിക്ക്.
രാഹുല്‍ ഘോഷിനെയാണ് ഗുരുതരമായി പരിക്ക് പറ്റി അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ബിജോയി സ്പോര്‍ട്ടിംഗും കൊല്‍ക്കത്ത പോലീസും തമ്മില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് പത്തൊമ്പതുകാരനായ രാഹുലിന് പരിക്കേറ്റത്.
കവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പന്ത് തലയിലടിക്കുകയായിരുന്നു.
ഉടന്‍ തന്നെ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം കൊല്‍ക്കത്ത ഡപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ രാഹുലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം അങ്കിത് കേസരിയെന്ന കൊല്‍ക്കത്ത താരവും മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.
പശ്ചിമ ബംഗാളിന്റെ അണ്ടര്‍ 19 ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അങ്കിത് സ്വന്തം ടീമംഗമായ സൗരവ് മണ്ഡലുമായി കൂട്ടിയിടിച്ചുവീണ് പരിക്കു പറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അങ്കിതിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
















