ന്യൂദല്‍ഹി: ചരക്കു കടത്തിന്റെ മറവില്‍ റെയില്‍വേയില്‍ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. 2012-2013ല്‍ മാത്രം ക്രമക്കേടു വഴി 4263 കോടി രൂപയുടെ നഷ്ടം റെയില്‍വേയ്‌ക്കു ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ ഇടപാടുകളാണ് ഇപ്പോള്‍ സിബിഐ പരിശോധിക്കുന്നത്.
ഇതോടനുബന്ധിച്ച് സിബിഐ സംഘങ്ങള്‍ രാജ്യത്തെ 65 കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡില്‍ ലഭിച്ച രേഖകളുടേയും വിവരങ്ങളുടയും അടിസ്ഥാനത്തില്‍ സിബിഐ ഉടന്‍ കേസുകളെടുക്കും.
ഉദ്യോഗസ്ഥരും സ്വകാര്യ കച്ചവടക്കാരും ചരക്ക് കടത്തു കമ്പനിക്കാരും ചേര്‍ന്നുള്ള വന്‍തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. റെയില്‍വേ ഉപയോഗിക്കുന്ന ചരക്ക് തൂക്ക യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ്. ക്രമക്കേടുകള്‍ വഴി റെയില്‍വേയ്‌ക്ക് ആയിരക്കണക്കിന് കോടികളുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നു മാത്രമല്ല ചരക്ക് വണ്ടികള്‍ ഓടുന്ന പാളങ്ങളെ ഇത് ദുര്‍ബലമാക്കുകയും ചെയ്യുന്നുണ്ട്.
ചരക്ക് ട്രെയിന്‍ 15 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍ അവയിലുള്ള ഭാരം സ്വയം അളക്കുന്ന റെയില്‍വേ ഇന്‍ മോഷന്‍ വെയ് ബ്രിഡ്ജ് എന്ന യന്ത്രം ഇരുന്നൂറോളം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ യന്ത്രങ്ങളില്‍ ക്രമക്കേടു വരുത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഭാരമെത്ര കൂടിയാലും അത് യന്ത്രത്തില്‍ രേഖപ്പെടുത്തില്ല. അതായത് ഓവര്‍ ലോഡായാലും അനുവദനീയമായ ഭാരമേയുള്ളുവെന്നേ യന്ത്രങ്ങളില്‍ തെളിയൂ. അങ്ങനെ കുറഞ്ഞ അളവ് കാണിച്ച് വന്‍തോതില്‍ ഭാരം കയറ്റി ഗൂഡസംഘങ്ങള്‍ കോടികളാണ് തട്ടിച്ചുവരുന്നത്.
തട്ടിപ്പു വഴി റെയില്‍വേയ്‌ക്ക് വന്‍ നഷ്ടവും സ്വകാര്യ കച്ചവടക്കാര്‍ക്ക് അമിത ലാഭവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റെയില്‍വേയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും ചരക്കു കടത്തുവഴിയുള്ളതാണ്.
















