മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ചാമ്പ്യനെ അറിയാന്‍ ഇത്തിരി കാത്തിരിക്കേണ്ടിവരും. വലന്‍സിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറികടന്ന ബാഴ്‌സലോണ പോയിന്റുകളുടെ അകലം വര്‍ധിപ്പിച്ചെങ്കിലും മലാഗയെ 3-1ന് മുട്ടുകുത്തിച്ച റയല്‍ മാഡ്രിഡ് നില പഴയതുപോലെയാക്കി. 32 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയ്‌ക്ക് 78ഉം റയലിന് 76ഉം പോയിന്റുവീതമുണ്ട്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ ചിലപ്പോഴൊക്കെ മുടന്തി മറ്റുചിലപ്പോള്‍ കുതിച്ചു. ഗാരത് ബെയ്ല്‍ തുടക്കത്തില്‍ പരിക്കേറ്റു കരകയറിയപ്പോള്‍ ആതിഥേയര്‍ ഒന്നു പതറിപ്പോയി. ക്രിസ്റ്റ്യാനോ പെനാല്‍റ്റിയും തുലച്ചു. എങ്കിലും കൊളംബിയന്‍ പ്രതിഭ ജെയിംസ് റോഡ്രിഗസ് മിന്നി, റയലിന്റെ ആകുലതകളും അകന്നു. കളിയിലുടനീളം സ്വാധീനം ചെലുത്തിയ റോഡ്രിഗസ് ഗോളടിക്കാനും അടിപ്പിക്കാനുമെല്ലാം മുന്നിട്ടിറങ്ങി.
24-ാം മിനിറ്റില്‍ റോഡ്രിഗസ് നല്‍കിയ പന്തില്‍ പോയിന്റ് ബ്ലാങ്ക് വോളി തൊടുത്ത സെര്‍ജിയോ റാമോസാണ് റയലിന്റെ ആദ്യ ഗോള്‍വേട്ടക്കാരനായത് (1-0). 69-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയും റോഡ്രിഗസും ഒന്നിച്ചു. ഫലം റോഡ്രിഗസിന്റെ ബൂട്ടിലൂടെ പന്ത് പോസ്റ്റിനകത്തേക്ക് പറന്നിറങ്ങി (2-0).
പിന്നാലെ ജുവാന്‍മി മലാഗയുടെ ക്യാംപില്‍ ആശ്വാസം ഒരുക്കുന്നതിനും ഗാലറി സാക്ഷി (2-1). പിന്നെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോയും സ്‌കോര്‍ ചെയ്തതോടെ ഫൈനല്‍ വിസില്‍ (3-1).
ലൂയിസ് സുവാരസും (1) ലയണല്‍ മെസി (90+)യുമാണ് ബാഴ്‌സയ്‌ക്കുവേണ്ടി വലന്‍സിയയുടെ ഹൃദയം പിളര്‍ത്തിയത്.
ഇതോടെ ബാഴ്‌സയുടെ കുപ്പായത്തില്‍ 400 ഗോളെന്ന അപൂര്‍വ്വനേട്ടവും മെസി പോക്കറ്റിലാക്കി.
















