ന്യൂദല്‍ഹി: ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിലൊരാളായ യൂസഫ് പഠാന് ഇപ്പോഴും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുറുപ്പുചീട്ടാണെന്ന് ടീമിന്റെ ബൗളിംഗ് ഉപദേശകനും പാക്കിസ്ഥാന് പേസ് ഇതിഹാസവുമായ വസീം അക്രം. ഐപിഎല്ലില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ കൊല്‍ക്കത്ത നാലു വിക്കറ്റിന് കീഴടക്കിയിരുന്നു.
ആന്ദ്രെ റസലി(66)നൊപ്പം പഠാന് (28 നോട്ടൗട്ട്) വാരിയ 95 റണ്‍സാണ് നൈറ്റ് റൈഡേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് നായകന് ജോര്‍ജ് ബെയ്ലി (60), ഗ്ലെന്‍ മാക്സ്വെല് (33) എന്നിവരുടെ ബലത്തില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ഉമേഷ് യാദവും (3 വിക്കറ്റ്) മോണി മോര്‍ക്കലും (2) റസലും (2) കൊല്‍ക്കത്തയുടെ പന്തേറിനെ നയിച്ചു. 17.5 ഓവറില്‍ ആറു വിക്കറ്റ് കളഞ്ഞ് നൈറ്റ് റൈഡേഴ്സ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.
യൂസഫിന് 32 വയസേയുള്ളു. ഇപ്പോഴും അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടുതന്നെ. കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാരില് ഒരാളായ യൂസഫ് തന്റെ ആത്മവിശ്വാസത്തെ ആസ്വദിക്കുന്നു, അക്രം പറഞ്ഞു.
യൂസഫിനെപ്പോലൊരു താരത്തെ കിട്ടുന്നത് വളരെ ഉപകാരപ്രദം. അദ്ദേഹം ബാറ്റ് ചെയ്യും പന്തെറിയും നന്നായി ഫീല്‍ഡും ചെയ്യും.
സുനില്‍ നരെയ്ന്റെ പ്രകടനത്തിലും അക്രം സംതൃപ്തി പ്രകടിപ്പിച്ചു. ആക്ഷനില്‍ മാറ്റംവരുത്തിയെങ്കിലും നരെയ്ന് പഴയ മൂര്‍ച്ചയുണ്ട്. പുതിയ രീതിയുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും, അതു സ്വാഭാവികം. രണ്ടുമൂന്നു മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ നരെയ്ന് കൂടുതല്‍ മെച്ചപ്പെടുമെന്നു കരുതുന്നതായും അക്രം കൂട്ടിച്ചേര്‍ത്തു.
















