ഉത്താനപാദ മഹാരാജാവ് തന്റെ രാജ്യത്തിന്റെ അര്‍ദ്ധഭാഗം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഭക്തധ്രുവനെ വനാന്തരത്തില്‍ പോകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലേ! ആ കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിച്ചു. എന്നാല്‍ ധ്രുവനാകട്ടെ തന്റെ തീരുമാനത്തില്‍ത്തന്നെ അചഞ്ചലനായി നിലകൊണ്ടു.
ധ്രുവന്‍ മുന്നോട്ടുവെച്ച പാദങ്ങള്‍ പിന്‍വലിച്ചില്ല. ആ കുമാരന്റെ ഹൃദയം മഹാവിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍ എന്നന്നേക്കുമായി അര്‍പ്പിക്കപ്പെട്ടിരുന്നു. പ്രലോഭനങ്ങളില്‍ വീഴുന്ന ഒരാള്‍ക്ക്, സ്വ ശരീരത്തോട് ദൃഢമായ മമതാബന്ധം ഉള്ളവര്‍ക്ക്, ആപത്തില്‍ ജീവഭയം ഉള്ളവര്‍ക്ക്, ഒരിക്കലും തപസ്വിയാകാന്‍ സാദ്ധ്യമല്ല. ഈശ്വരന്റെ ദിവ്യ സാമ്രാജ്യത്തില്‍ പ്രവേശിക്കാനേ അവര്‍ക്ക് കഴിയില്ല.
ദൃഢവിശ്വാസവും ക്ഷമയും വേണ്ടുവോളമുണ്ടെങ്കില്‍ എങ്ങനെയാണു ഏത് വിപത്ഘട്ടങ്ങളിലും ധര്‍മ്മസങ്കടങ്ങളിലും ഈശ്വരഹസ്തം വിദഗ്‌ദ്ധമായി കരകയറ്റുന്നതെന്ന് കാണാന്‍ കഴിയും. നിങ്ങള്‍ ബ്രഹ്മസാഗരത്തിലെ ഒരു ബിന്ദുമാത്രമാണ്. ഈ ബിന്ദു സിന്ധുവുമായി വിലയം പ്രാപിക്കണം. അതാണു ജന്മസാഫല്യം. മനുഷ്യജീവിതം പരമമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ്.
മനുഷ്യജന്മം ഒരു വിശേഷാവകാശമാണ്. കര്‍മ്മങ്ങള്‍ ദുഷ്ടങ്ങളാണെങ്കില്‍ താഴെക്കിടയിലുള്ള ജീവികളായി അധഃപതിച്ച് ഈ സത്യം ഓര്‍മ്മിക്കുന്നവര്‍ മോക്ഷസിദ്ധിക്കുവേണ്ടി പ്രയത്‌നിക്കുന്നു. അവര്‍ ധര്‍മ്മനിരതരാകും.
ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അമ്മ തുടര്‍ന്നു.
ഈശ്വരന്‍ സദാസമയം നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ നിങ്ങള്‍ ഈശ്വരനോടൊത്താണോ കഴിയുന്നത്! ഇത് സ്വയം ചോദിക്കുക! സ്വന്തം മനസ്സിനെ ആദ്യം പരിശോധിക്കുക. നിരന്തരമായ ചിന്തയിലും ഭക്തിയുടെ തീവ്രതയിലും ഈശ്വരനാമമായി ഒന്നിച്ച് കഴിയണം. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ആന്തരികമായി ഈശ്വരനോടൊത്ത് കഴിയുക.
ശ്രീ രമാദേവി
















