മാഡ്രിഡ്: യൂറോപ്പ ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് ക്ലബ് സെവിയ, ഇറ്റാലിയന്‍ ക്ലബ് നാപ്പോളി എന്നീ ടീമുകള്‍ക്ക് മികച്ച വിജയം. നാപ്പോളി എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ലബ് വിഎഫ്എല്‍ വോള്‍വ്സ്ബര്‍ഗിനെ തകര്‍ത്തു. വിജയത്തോടെ നാപ്പോളി സെമിബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. സെവിയ ഹോം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗിനെയാണ് കീഴടക്കിയത്. ഡൈനാമോ കീവ്-ഫിയോറന്റീന കളി 1-1നും ക്ലബ് ബര്ഗെ-നിപ്രോ പോരാട്ടം ഗോള്‍രഹിത സമനിലയയിലും കലാശിച്ചു.
കോച്ച് റാഫേല്‍ ബെനിറ്റ്സിന്റെ 55-ാം പിറന്നാള്‍ ദിനത്തില്‍ നടന്ന മത്സരത്തില്‍ തീര്‍ത്തും ഏകപക്ഷീയമായിട്ടായിരുന്നു നാപ്പോളിയുടെ വിജയം. നാപ്പോളിക്കുവേണ്ടി ഹിഗ്വയിന്, ക്യാപ്റ്റന്‍ ഹംസിക് (2), ഗബ്ബിയാഡിനി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ വോള്‍വ്സ്ബര്‍ഗിന്റെ ആശ്വാസഗോള്‍ ബെന്ഡ്റ്റ്നറുടെ വകയായിരുന്നു. പന്തടക്കത്തില്‍ മുന്നില്‍ വോള്വ്സ്ബര്ഗായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിക്കുന്നതില്‍ നാപ്പോളി താരങ്ങളായിരുന്നു മുന്നിട്ടുനിന്നത്. ഏഴ് ഷോട്ടുകള്‍ അവര്‍ ലക്ഷ്യത്തിലേക്ക് പറത്തിയപ്പോള്‍ വോള്‍വ്സ്ബര്‍ഗിന് നാലെണ്ണമാണ് പോസ്റ്റ് ലക്ഷ്യമാക്കി ഉതിര്‍ക്കാന്‍ കഴിഞ്ഞത്.
കളിയുടെ 15-ാം മിനിറ്റില്‍ സുന്ദരമായ ഒരു ഹാഫ് വോളിയിലൂടെ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലോ ഹിഗ്വയിനാണ് നാപ്പോളിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് 22-ാം മിനിറ്റില്‍ ഹിഗ്വയിന് ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് ക്യാപ്റ്റന്‍ മാര്‍ക്ക് ഹംസിക് ബോക്സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ട് വോള്‍വ്സ്ബര്‍ഗ് വലയില്‍ പതിച്ചു. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹിഗ്വയിന്റെ ഒരു ഷോട്ട് വോള്‍വ്സ്ബര്‍ഗ് ഗോളി രക്ഷപ്പെടുത്തി.
64-ാം മിനിറ്റില്‍ ഹംസിക്കിലൂടെ നാപ്പോളി വീണ്ടും ലീഡ് ഉയര്‍ത്തി. പിന്നീട് 76-ാം മിനിറ്റില്‍ മനോലോ ഗബ്ബിയാഡിനിയും ലക്ഷ്യം കണ്ടതോടെ നാപ്പോളിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. തൊട്ടുപിന്നാലെയാണ് വോള്‍വ്സ്ബര്‍ഗ് ആശ്വാസഗോള്‍ കണ്ടെത്തിയത്. ഇവാന് പെരിസിച്ചിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് നിക്കളാസ് ബെന്ഡറ്റ്നര് പായിച്ച വലംകാലന്‍ ഷോട്ടാണ് നാപ്പോളി ഗോളിയെ മറികടന്ന് വലയില്‍ കയറിയത്.
82-ാം മിനിറ്റില്‍ ഗബ്ബിയാഡിനി ബോക്സിന് പുറത്തുനിന്ന് പറത്തിയ ഇടംകാലന്‍ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ വോള്‍വ്സ്ബര്‍ഗിന്റെ ലൂയിസ് ഗുസ്താവോ ഒരു അവസരം പാഴാക്കുകയും ചെയ്തതോടെ നാപ്പോളി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. എവേ മത്സരത്തില്‍ നേടിയ നാല് ഗോളുകളുടെ മുന്‍തൂക്കവുമായാണ് രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് നാപ്പോളി ഇറങ്ങുക.
മറ്റൊരു കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് സെവിയ വിജയം പിടിച്ചെടുത്തത്. സെവിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് 29-ാം മിനിറ്റില്‍ ലീഡ് നേടി. അലക്സാണ്ടര്‍ റയാസന്സേവ് ആദ്യം ഉതിര്‍ത്ത ഷോട്ട് സെവിയ ഗോളി ഉജ്ജ്വമായി തടുത്തിട്ടെങ്കെിലും റീബൗണ്ട് പന്ത് പിടിച്ചെടുത്ത് ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്ന് റയാസന്സേവ് വീണ്ടും പായിച്ച ഷോട്ട് വലയില്‍ കയറുകയായിരുന്നു. പിന്നീട് 72-ാം മിനിറ്റിലാണ് സെവിയക്ക് സമനില ഗോള്‍ നേടാന്‍ കഴിഞ്ഞത്.
അലക്സ് വിദാല്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന കാര്‍ലോസ് ബക്ക നല്ലൊരു ഹെഡ്ഡറിലൂടെ സെനിത് വലയിലെത്തിച്ചു. പിന്നീട് 87-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഡെനിസ് സുവാരസ് പായിച്ച ഷോട്ട് വലയില്‍ കയറിയതോടെ സെവിയ വിജയമുറപ്പിക്കുകയും ചെയ്തു.
















