വിശാഖപട്ടണം: കിംഗ്സ് ഇലവന് പഞ്ചാബിലെ അഞ്ച് വിക്കറ്റുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഇറങ്ങുന്നു. ഇന്ന് വൈകിട്ട് നാലിനാണ് മത്സരം ആരംഭിക്കുക. രണ്ടാം കളിയില്‍ കിംഗ്സ് ഇലവന് പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. രാത്രി 8നാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും രാജസ്ഥാന് റോയല്‍സിനോടും പരാജയപ്പെട്ടശേഷമാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ സീസണില്‍ ആദ്യ വിജയം സ്വന്തമാക്കിയത്. യുവരാജ് സിംഗിന്റെയും മയാങ്ക് അഗര്‍വാളിന്റെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു ദല്‍ഹി ചെകുത്താന്മാര്ക്ക് പഞ്ചാബ് കിംഗ്സ് ഇലനെതിരായ കൡയില്‍ അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ രാജസ്ഥാന് റോയല്‍സിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
ക്യാപ്റ്റന്‍ ജെ.പി. ഡുമ്നിയും യുവിയും അഗര്‍വാളും എയ്ഞ്ചലോ മാത്യുസും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിര കരുത്തുറ്റതാണ്. ഓപ്പണറായി ഇറങ്ങുന്ന ശ്രേയസ് അയ്യര്‍ ഫോമിലേക്ക് ഉയരാത്തതാണ് അവരെ അലട്ടുന്നത്. നഥാന്‍ കള്‍ട്ടര്‍ നീലും ഇമ്രാന് താഹിറും അമിത് മിശ്രയും ഡൊമിനിക്ക് മുത്തുസ്വാമിയും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണെന്നത് ഡെയര്‍ ഡെവിള്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
എന്നാല്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സിനോട് 45 റണ്‍സിന് പരാജയപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരബാദ് രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. എന്നാല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് ആറ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഈ പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് തിരിച്ചെത്തുകയാണ് സണ്‍റൈസേഴ്സിന്റെ ഉദ്ദേശ്യം. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ താരം ശിഖര്‍ധവാനും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്.
ഒപ്പം മോര്‍ഗനും രവി ബൊപ്പാറയും നമന്‍ ഓജയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അപേക്ഷിച്ച് സണ്‍റൈസേഴ്സ് ബൗളിംഗ് നിരക്കാണ് കരുത്ത് കൂടുതല്‍. ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ട്, ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍കുമാര്‍, എന്നിവര്‍ക്കൊപ്പം ആശിഷ് റെഡ്ഡിയും കരണ്‍ ശര്‍മ്മയും വിനയ്കുമാറുമെല്ലാം ഭേദപ്പെട്ടരീതിയിലാണ് പന്തെറിയുന്നത്. എന്തായാലും സ്വന്തം തട്ടകത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താനായി സണ്‍റൈസേഴ്സും തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ദല്‍ഹി ഡെയര്‍ ഡെവിള്‍സും ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കും.
















