ന്യൂദല്‍ഹി: വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ നേതൃത്വത്തില്‍ ശ്രീനഗറില്‍ നടന്ന പരിപാടിയില്‍ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് ഫോണിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയത്. പാക് പതാക വീശിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ആലത്തെ വീണ്ടും തടവിലാക്കിയേക്കുമെന്നാണ് സൂചന.
ശക്തവും വേഗത്തിലുള്ളതുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഫ്തി മുഹമ്മദ് സെയ്ദിനോട് നിര്‍ദ്ദേശിച്ച രാജ്‌നാഥ്‌സിങ്, രാഷ്‌ട്രീയവും രാജ്യസുരക്ഷയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്ന താക്കീതും നല്‍കി. രാഷ്‌ട്രസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും കേന്ദ്രസര്‍ക്കാരിനെ കിട്ടില്ലെന്നും സാധ്യമായ എല്ലാ നടപടിയും സംസ്ഥാനം സ്വീകരിക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
കടുത്ത വാക്കുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നിയമം അനുസരിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും നിയമത്തെ അവഗണിക്കാനാവില്ലെന്നും മുഫ്തി മുഹമ്മദ് സെയ്ദ് പിന്നീട് പറഞ്ഞു. റാലിയില്‍ സംഭവിച്ച കാര്യങ്ങെളെപ്പറ്റിയുള്ള വിശദീകരണവും മുഫ്തി കേന്ദ്രആഭ്യന്തരമന്ത്രിക്ക് നല്‍കി.
മസ്രത് ആലത്തിന്റെ പരിപാടിയില്‍ പാക് പതാക വീശിയ സംഭവത്തില്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു പറഞ്ഞു. ഇത്തരം ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കേന്ദ്രആവശ്യം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യും.
ബഡ്ഗാം പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം, 120ബി, 147,341,336,427 എന്നീ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനു ശേഷമാണ് ശ്രീനഗറില്‍ പൊതുപരിപാടി നടത്താന്‍ സയിദ് ഗിലാനിയേയും ആലത്തേയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 2010ല്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നടത്തിയ റാലിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളില്‍ നൂറിലധികം കശ്മീരികളാണ് കൊല്ലപ്പെട്ടത്. മസ്രത് ആലമായിരുന്നു കലാപങ്ങളുടെ സൂത്രധാരന്‍. എന്നാല്‍ ഇത്തവണ ആക്രമണങ്ങള്‍ ഒഴിവായിരുന്നു. മസ്രത് ആലം ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ നഗരമധ്യത്തിലെ ലാല്‍ ചൗക്കില്‍ മസ്രത്തിന്റെ അനുയായികളില്‍ ചിലര്‍ പാക് പതാക വീശുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ മസ്രത് ആലത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പാക് പതാക വീശിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും പ്രസ്താവന ഇറക്കി. പാക് പതാക വീശിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
















