ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്വാള് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് മടങ്ങിയെത്തി. ഒന്നാം സ്ഥാനത്തായിരുന്ന ചൈനയുടെ ലി സുറെയിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൈന ചെറിയ ഇടവേളയ്ക്കുശേഷം ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
സ്പെയിനിന്റെ കരോലിന മാരിന് ഒരു സ്ഥാനം മുന്നേറി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള സൈനക്ക് 80191 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മാരിന് 79578 പോയിന്റും സുറെയിക്ക് 72964 പോയിന്റുമാണുള്ളത്. ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് സൈന. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരമായ സാനിയ മിര്‍സ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടത്തിന് തൊട്ടുപിന്നാലെയാണ് സൈനയുടെ കുതിപ്പും ഉണ്ടായത്.
ഈ മാസം തുടക്കത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം റാങ്കുകാരിയായ സൈന മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിഫൈനലില്‍ തോറ്റതോടെയാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. ദിവസങ്ങള്‍ മാത്രമായിരുന്നു ആദ്യല് തവണ സൈനക്ക് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നടന്ന സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് സൈന വിട്ടുനിന്നെങ്കിലും സുറെയിയും ഈ ടൂര്‍ണമെന്റ് ബഹിഷ്കരിച്ചതാണ് സൈനയ്ക്ക് തുണയായത്.
എന്നാല്‍ മറ്റൊരു ഇന്ത്യന്‍ വനിതാ താരമായ പി.വി. സിന്ധുവിന് തിരിച്ചടിനേരിട്ടു. മൂന്ന് സ്ഥാനം പിന്നോട്ടിറങ്ങിയ സിന്ധു ആദ്യ പത്തില്‍ നിന്ന് പുറത്തായി. പുതിയ റാങ്കിംഗ് അനുസരിച്ച് 12-ാം സ്ഥാനത്താണ്. മലയാളിതാരം പി.സി. തുളസി അഞ്ച് സ്ഥാനം താഴോട്ടിറങ്ങി 45-ാം സ്ഥാനത്താണ്.
അതേസമയം പുരുഷ റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും മാറ്റമില്ല. ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ചൈനയുടെ ചെങ് ലോങ് ഒന്നാം സ്ഥാനത്തും ഡാനിഷ് താരം യാന്‍ യൊര്ഗെന്സന് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ചൈനയുടെ തന്നെ ലിന് ഡാനാണ് മൂന്നാമത്. ഇന്ത്യന്‍ താരമായ പി. കശ്യപ് ഒരു സ്ഥാനം മുന്നോട്ടുകയറി 14-ാം സ്ഥാനത്തെത്തിയപ്പോള്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി 15-ാമതായി. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം 18-ാം സ്ഥാനത്തുതന്നെ തുടരുകയാണ്.
















