ന്യൂദല്‍ഹി: ആരാധകരുടെ ഓര്‍മ്മയില്‍ തങ്ങുന്ന ഒരുപിടി ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളും മുന്‍ ക്യാപ്ടന്മാരുമായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടുകള്‍ നമുക്ക് ചില വിജയങ്ങളും കൊണ്ടുത്തന്നിട്ടുണ്ട്. ഇപ്പോഴിതാ ആ പഴയ കളിക്കൂട്ടുകാര്‍ പരസ്പ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്രെ.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തെത്താന്‍ സാധ്യതയുള്ളവരില്‍ ഏറെ മുന്നിലുള്ളത് ദാദയും വന്മതിലുമെന്ന് റിപ്പോര്‍ട്ടുകള്‍. കോച്ചാകാനുള്ള താത്പര്യം ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയയെ ഗാംഗുലി അനൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. എന്നാല്‍ ഗാംഗുലിക്ക് ഡാല്‍മിയ ഒര് ഉറപ്പും നല്‍കിയിട്ടില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അംഗങ്ങളിലൊരാള്‍ പറഞ്ഞു.
അതേസമയം, ബിസിസിഐയിലെ ചില അംഗങ്ങളാണ് ദ്രാവിഡിനെ ടീം ഇന്ത്യയുടെ കോച്ചാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. രാജസ്ഥാന് റോയല്‍സിന്റെ മാര്‍ഗനിര്‍ദേശകനായും പരിശീലകനായും മികവുതെളിയിച്ചത് ദ്രാവിഡിന്റെ സാധ്യതകളേറ്റുന്നു. ബിസിസിഐ ഒഫീഷ്യല്‍സിന്റെയും മുന്‍ നായകന്മാരുടെയും സമിതിയാണ് പുതിയ കോച്ചിനെ നിയമിക്കുന്നത്.
പരിശീലകനാകാന്‍ താത്പര്യമുള്ളവര്‍ സമിതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കണം. ആശയപദ്ധതികള് അവതരിപ്പിക്കുകയും വേണം. അഭിമുഖത്തിനുശേഷമാവും പുതിയ കോച്ചിനെ നിശ്ചയിക്കുക. ഡെങ്കന്‍ ഫ്ളെച്ചര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബോര്‍ഡ് പുതിയ പരിശീലകനെ തേടുന്നത്.
















