ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ പാക്ക് പതാകയേന്തി ഭാരത വിരുദ്ധ റാലി നടത്തിയ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാക്കിസ്ഥാന്‍ പതാക വീശിയും പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുമാണ് ഭാരത വിരുദ്ധ റാലി സംഘടിപ്പിച്ചത്. മസ്‌റത്ത് ആലം ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മാസങ്ങളായുള്ള ദല്‍ഹിവാസത്തിനു ശേഷം ശ്രീനഗറില്‍ മടങ്ങിയെത്തിയ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയെ സ്വീകരിക്കാനാണ് റാലി നടത്തിയത്.
കഴിഞ്ഞ ദിവസം നിരോധിത മേഖലയില്‍ റാലി നടത്തിയതിന് മസ്‌റത്ത് ആലമിനെയും മറ്റൊരു വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനേയും അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിലെ ത്രാളില്‍ സായുധസേന നടത്തിയ വെടിവയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
2010 ല്‍ കശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെതുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന മസ്‌റത്ത് ആലം 39 ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. മസ്‌റത്ത് ആലമിനെ വിട്ടയച്ച ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദമായിരുന്നു.
2010 നുശേഷം ആദ്യമായിട്ടാണ് സയിദ് അലി ഷാ ഗിലാനി ഒരു പൊതു റാലിയില്‍ പങ്കെടുക്കുന്നത്.
















