പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് ഫ്രഞ്ച്- സ്പാനിഷ് ക്ലാസിക്ക്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം പാദത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് പാരീസ് സെയ്ന്റ് ജെര്‍മെയ്നും ബാഴ്സലോണയും. മികച്ച ഫോമിലുള്ള ഇരു സംഘങ്ങളും തമ്മിലെ അങ്കം തീപാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് കളി.
ദേശീയ ലീഗുകളില്‍ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസത്തോടെയാണ് പിഎസ്ജിയും ബാഴ്സയും പോരിനിറങ്ങുന്നത്. എങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നിലാണ് കളിയെന്നത് പിഎസ്ജിയുടെ സാധ്യതകളേറ്റുന്നു.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്സയും പിഎസ്ജിയും കൊമ്പുകോര്ത്തിരുന്നെന്നതും മറ്റൊരു പ്രത്യേകത. പാര്‍ക്ക് ഡെ പ്രിന്‍സസില്‍ പിഎസ്ജി 3-2 ജയിച്ചപ്പോള്‍ നൗകാംപില്‍ വച്ച് 3-1 എന്ന സ്കോറിന് ബാഴ്സ കണക്കുതീര്‍ത്തു. മത്സരത്തെ ഏറെ ശ്രദ്ധേയമാക്കുന്നതും ഈ ബലാബലം തന്നെ. അതേസമയം, സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോച്ചിന്റെ അഭാവം പിഎസ്ജിയെ ഏറെ അലട്ടുന്നുണ്ട്. ചെല്‍സിയുമായുള്ള പ്രീ- ക്വാര്‍ട്ടറില്‍ ഓസ്കറിനുമേല് പരുക്കന്‍ അടവുകാട്ടി റെഡ് കാര്‍ഡ് വാങ്ങിയതാണ് സ്ലാട്ടന് വിനയായത്. ഈ സാഹചര്യത്തില്‍ ഉറുഗൈ്വന്‍ താരം എഡിന്‍സന്‍ കവാനിയില്‍ പിഎസ്ജി കണ്ണുവയ്ക്കുന്നു.
മെസി- നെയ്മര്‍- സുവാരസ് ത്രയത്തില്‍ ബാഴ്സയും വിശ്വാസമര്‍പ്പിക്കുന്നു. എങ്കിലും ലാലീഗയിലെ പോയ മത്സരത്തില്‍ സെവിയയുമായി സമനില വഴങ്ങേണ്ടിവന്നത് അവരുടെ അസ്ഥിരത അടിവരയിടുന്നകാര്യമാണ്. മറ്റൊരു ക്വാര്‍ട്ടറില്‍ ജര്‍മന്‍ അതികായര്‍ ബയേണ്‍ മ്യൂണിച്ചും പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയും മല്ലിടും.
















