മുംബൈ: മുന്‍നിര ബാറ്റ്സ്മാന്മാര് തിളങ്ങിയിരുന്നെങ്കില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരം ജയിക്കാമായിരുന്നെന്ന് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. ഞായറാഴ്ച രാത്രി വാംഖഡെ വേദിയായ കളിയില്‍ 18 റണ്‍സിനാണ് മുംബൈ പരാജയം രുചിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ മറുപടി 7ന് 159ല്‍ ഒതുങ്ങി. ഒരു ഘട്ടത്തില്‍ 6ന് 59 എന്ന നിലയില്‍ വന്‍ തോല്‍വിയെ അഭിമുഖീകരിച്ച മുംബൈയുടെ മാനം കാത്തത് ഹര്‍ഭജന്റെ (24 പന്തില്‍ 64) അപ്രതീക്ഷിത വെടിക്കെട്ടായിരുന്നു. രണ്ടു വിക്കറ്റ് പിഴുത ഭാജി ബൗളിംഗിലും തിളങ്ങുകയുണ്ടായി.
മുന്‍നിരയില്‍ വിക്കറ്റുകള്‍ പൊഴിയാതിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. തുടക്കത്തിലെ ഒരു നല്ല കൂട്ടുകെട്ട് നമ്മളെ പ്രശ്നങ്ങളില്‍ നിന്നു കരകയറ്റുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പഞ്ചാബ് ന്യൂബോള്‍ വേണ്ടവിധം ഉപയോഗിച്ചു, ഹര്ഭജന് പറഞ്ഞു.
ആദ്യ ആറോവറില്‍ നമ്മള് ധാരാളം റണ്‍സ് വിട്ടുകൊടുത്തു. വീരുവും മുരളി വിജയ്യും നന്നായി ബാറ്റ് വീശി. പിന്നീട് കാര്യങ്ങള്‍ ഏറെക്കുറെ വരുതിയിലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞു. 177 എന്ന സ്കോര്‍ ചെയ്സ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നെന്നും ഹര്ഭജന് കൂട്ടിച്ചേര്‍ത്തു.
















