ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ശനിദശ തുടരുന്നു. അവസാന പന്തുവരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ഇക്കുറിയവര്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്നു വിക്കറ്റിന് തോറ്റു.
ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. റോയല്‍സ് ഏഴു വിക്കറ്റ് കളഞ്ഞ് ലക്ഷ്യംമറികടന്നു. സ്‌കോര്‍: ഡെവിള്‍സ്- 3ന് 184 (20 ഓവര്‍). റോയല്‍സ് -7ന് 186 (20). ഡല്‍ഹിയുടെ രണ്ടാം തോല്‍വിയാണിത്. നേരത്തെ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും മുട്ടുകുത്തിയിരുന്നു.
ഓപ്പണര്‍ അജിന്‍ക്യ രഹാനെ (47), കരുണ്‍ നായര്‍ (20), ദീപക് ഹൂഡ (25 പന്തില്‍ 54, മൂന്ന് ഫോര്‍, നാല് സിക്‌സ്) എന്നിവരാണ് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയത്. സമചിത്തതയോടെ ടീമിനെ വിജയത്തിലെത്തിച്ച ക്രിസ് മോറിസും (13 നോട്ടൗട്ട്) ടിം സൗത്തിയും (7 നോട്ടൗട്ട്) ആരാധക പ്രതീക്ഷകള്‍ കാത്തു. സഞ്ജു വി. സാംസണും (11), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (10) പരാജയപ്പെട്ടു.
എയ്ഞ്ചലോ മാത്യൂസ് എറിഞ്ഞ അവസാന ഓവറില്‍ റോയല്‍സിന് 12 റണ്‍സാണ് വേണ്ടിയിരുന്നത്. നാലാമത്തെ പന്ത് മോറിസ് അതിര്‍ത്തികടത്തിയപ്പോള്‍ രണ്ടു പന്തില്‍ നാല് എന്ന കണക്കുവന്നു. അഞ്ചാം പന്തില്‍ സിംഗിള്‍. അവസാന പന്ത് കരുത്തുറ്റ ഷോട്ടിലൂടെ സൗത്തി ബൗണ്ടറിയിലെത്തിച്ചതോടെ റോയല്‍സിന്റെ വിജയാരവം. ഡെവിള്‍സിനുവേണ്ടി നാലു വിക്കറ്റ് പിഴുത സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ ഉജ്ജ്വല ബൗളിംഗ് അങ്ങനെ പാഴായി. അമിത് മിശ്രയും (2 വിക്കറ്റ്) ഡല്‍ഹിക്കുവേണ്ടി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് നിരയില്‍ മായാങ്ക് അഗര്‍വാള്‍ (37), ശ്രേയസ് അയ്യര്‍ (40) നായകന്‍ ജെപി ഡുമിനി (44 നോട്ടൗട്ട്) യുവരാജ് സിങ് (27) എയ്ഞ്ചലോ മാത്യൂസ് (27 നോട്ടൗട്ട്) എന്നിവരെല്ലാം നല്ല ഒഴുക്കോടെ കളിച്ചു. മായാങ്ക് ഡെവിള്‍സിന് തകര്‍പ്പന്‍ തുടക്കം തന്നെ നല്‍കുകയുണ്ടായി. റോയല്‍സിന്റെ പേസര്‍മാരെ ഉന്നംവച്ച മായാങ്ക് റണ്‍സ് വാരി. ആറു ഫോറുകളും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്നൊഴുകി.
സൗത്തിയെയും മോറിസിനെയും മായാങ്ക് നന്നായി പ്രഹരിച്ചെന്നു പറയാം. ധവാല്‍ കുല്‍ക്കര്‍ണ്ണിയോടും മായാങ്ക് യാതൊരു ബഹുമാനവും കാട്ടിയില്ല. ഒടുവില്‍ ലെഗ് സ്പിന്നര്‍ പ്രവീണ്‍ താംബെ റിട്ടേണ്‍ ക്യാച്ചിലൂടെ മായാങ്കിനെ ഡഗ് ഔട്ടിലെത്തിച്ചു. ശ്രേയസ് അയ്യരും ചെകുത്താന്‍മാരുടെ റണ്‍നിരക്ക് താഴാതെ നോക്കി. 11 ഓവറില്‍ 2ന് 93 എന്ന നിലയിലായിരുന്നു ഡെവിള്‍സ്. ഡുമിനിക്കൊപ്പം ചേര്‍ന്ന യുവിയും അവസാന ഓവറുകളില്‍ കത്തിയാളിയ എയ്ഞ്ചലോ മാത്യൂസും ഡെവിള്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.
















