ചെന്നൈ: ചെന്നെയുടെ സൂപ്പര്‍ പവറിന് മുന്നില്‍ ഹൈദരാബാദ് സൂര്യന്‍ ഉദിച്ചില്ല. ഇന്നലെ ചെന്നൈയില്‍ നടന്ന കളിയില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് 45 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബ്രണ്ടന്‍ മക്കല്ലത്തിന്റെയും (56 പന്തില്‍ 100 നോട്ടൗട്ട്) ക്യാപ്റ്റന്‍ ധോണിയുടെയും (29 പന്തില്‍ 53) കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 209 റണ്‍സെടുത്തു.
ചെന്നൈയുടെ നാല് വിക്കറ്റുകളില്‍ മൂന്നും റണ്ണൗട്ടിലൂടെയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സണ്‍റൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 53 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും മക്കല്ലവും ചേര്‍ന്ന് നല്‍കിയത്. സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ ഇരുവരും ചേര്‍ന്ന് കടന്നാക്രമിച്ചതോടെ സ്‌കോറിംഗിന് വായുവേഗം കൈവരികയും ചെയ്തു. 8.1 ഓവറില്‍ 75 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത സ്മിത്ത് ബൗള്‍ട്ടിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു.
പിന്നീടെത്തിയ സുരേഷ് റെയ്‌നയും മക്കല്ലവും ചേര്‍ന്ന് 11.3 ഓവറില്‍ സ്‌കോര്‍ 100 റണ്‍സിലെത്തിച്ചതിനൊപ്പം മക്കല്ലം അര്‍ദ്ധശതകവും പിന്നിട്ടു. 38 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സറുമടക്കമായിരുന്നു 50ലെത്തിയത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 135 റണ്‍സായപ്പോള്‍ 14 റണ്‍സെടുത്ത സുരേഷ് റെയ്‌നയെ രാഹുല്‍ റണ്ണൗട്ടാക്കി. പിന്നീട് ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ധോണി.
അഞ്ചാമനായി ഇറങ്ങിയ ധോണി തകര്‍പ്പനടികളോടെ കളം വാഴുകയായിരുന്നു. നാല് സിക്‌സും നാല് ഫോറും ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 29 പന്തില്‍ നിന്ന് 53 റണ്‍സുമായി നിന്ന ധോണി ബൗള്‍ട്ടിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ചെന്നൈ സ്‌കോര്‍ 198-ല്‍ എത്തിയിരുന്നു. ആദ്യ മൂന്ന് വിക്കറ്റിലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനും ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്കായി. എണ്‍പതുകളില്‍ എത്തിയ ശേഷം ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മുങ്ങിയ മക്കല്ലം ഇന്നിങ്‌സിലെ അവസാന പന്തിലാണ് സെഞ്ച്വറി തികച്ചത്.
56 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒമ്പത് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിങ്‌സ്. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറിയാണ് മക്കല്ലത്തിന്റേത്. ധോണി പുറത്തായശേഷമുള്ള ആദ്യപന്തില്‍ രവീന്ദ്ര ജഡേജയും റണ്ണൗട്ടായി മടങ്ങി. അവസാന മൂന്ന് പന്തുകളില്‍ 11 റണ്‍സെടുത്തതോടെയാണ് മക്കല്ലം ശതകം പൂര്‍ത്തിയാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല.
സ്‌കോര്‍ 30-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ സഹായത്തോടെ 26 റണ്‍സെടുത്ത ശിഖര്‍ ധവാനെ മോഹിത് ശര്‍മ്മയുടെ പന്തില്‍ ജഡേജ പിടികൂടി. തുടര്‍ന്നെത്തിയ ലോകേഷ് രാഹുലിന് മികച്ച ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. എട്ട് പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സെടുത്ത രാഹുലിനെ മോഹിത് ശര്‍മ്മ ബൗള്‍ഡാക്കി. സ്‌കോര്‍ 2ന് 46. പിന്നീട് സ്‌കോര്‍ 91-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത നമന്‍ ഓജയെ അശ്വിന്റെ പന്തില്‍ മോഹിത് ശര്‍മ്മ പിടികൂടി.
സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ വാര്‍ണറും മടങ്ങി. 42 പന്തില്‍ നിന്ന് മൂന്ന് ആറും ഒരു നാലുമടക്കം 53 റണ്‍സെടുത്ത വാര്‍ണറെ ഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗില്‍ സ്മിത്ത് കയ്യിലൊതുക്കി. പിന്നീട് രവി ബൊപ്പാറയും കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചെങ്കിലും ചെന്നൈയുടെ കൂറ്റന്‍ ടോട്ടല്‍ അവര്‍ക്ക് കയ്യെത്തിപ്പിടിക്കാവുന്നതിലും ദൂരെയായിരുന്നു. സ്‌കോര്‍ 138-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റായി ബൊപ്പാറയും മടങ്ങി. 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ബൊപ്പാറയെ ബ്രാവോ ബൗള്‍ഡാക്കി. 19-ാം ഓവറിലെ അവസാന പന്തില്‍ നാല് റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ ബ്രാവോ റെയ്‌നയുടെ കൈകൡലെത്തിച്ചു. ചെന്നൈയ്‌ക്ക് വേണ്ടി മോഹിത് ശര്‍മ്മയും ബ്രാവോയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















