ക്വാലാലമ്പൂര്‍: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ യുവതാരം നിഖിന്‍ തിമ്മയ്യയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെയാണ് ഇന്ത്യന്‍നിര തകര്‍ത്തത്.
വിജയത്തോടെ ഇന്ത്യ മൂന്നും നാലും സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫില്‍ കളിക്കാനും യോഗ്യത നേടി. കളിയുടെ ആദ്യമിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. പെനാല്‍റ്റി കോര്‍ണറിലൂടെ രഘുനാഥാണ് ലീഡ് നേടിക്കൊടുത്തത്.
എന്നാല്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയുടെ ഡാനിയേല്‍ ബെയ്ലെ സമനില ഗോള്‍ കണ്ടെത്തി. പിന്നീടാണ് തിമ്മയ്യുടെ ഹാട്രിക്ക് പിറന്നത്. 23, 32 , 60 മിനിറ്റുകളിലാണ് ഫീല്‍ഡ് ഗോളിലൂടെ തിമ്മയ്യ ഹാട്രിക്ക് തികച്ചത്. 53-ാം മിനിറ്റില്‍ ഗോഡസ് മാറ്റ് ഓസ്ട്രേലിയയുെട രണ്ടാം ഗോളും നേടി.
















