പൂനെ: രാജസ്ഥാന് റോയല്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് 163 റണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ജെയിംസ് ഫോക്നര്‍ (33 പന്തില്‍ 46), 33 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും 30 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. പരിക്കേറ്റ ഷെയ്ന് വാട്സണ് പകരം സ്റ്റീവന്‍ സ്മിത്താണ് ഇന്നലെ രാജസ്ഥാനെ നയിച്ചത്.
നേരത്തെ ടോസ് നേടിയ കിംഗ്സ് ഇലവന് പഞ്ചാബ് രാജസ്ഥാന് റോയല്‍സിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ മികച്ച തുടക്കം നല്കുന്നതില് റോയല്‍സ് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന അജിന്‍ക്യ രഹാനെയെ അനുരീത് സിംഗിന്റെ ബൗളിംഗില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി.
അധികം കഴിയും മുന്നേ മറ്റൊരു ഓപ്പണറും മലയാളിയുമായ സഞ്ജു വി. സാംസണും കൂടാരം കയറി. അഞ്ച് റണ്‍സെടുത്ത സഞ്ജുവിനെ സന്ദീപ് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മടക്കിയത്. സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും രാജസ്ഥാന് റോയല്‍സിന് നഷ്ടമായി. 11 പന്തുകള്‍ നേരിട്ട് എട്ട് റണ്‍സ് മാത്രമെടുത്ത കരുണ്‍ നായരെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി.
പിന്നീട് സ്റ്റീവന്‍ സ്മിത്തും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് രാജസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 74-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. മിച്ചല്‍ ജോണ്സണ് എറിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാതെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സ്റ്റീവന്‍ സ്മിത്ത് തേര്ഡ്മാന് ബൗണ്ടറിയില്‍ കരണ്വീര്സിംഗിന് ക്യാച്ച് നല്കി.
23 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികളോടെ 33 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. മൂന്നുപന്തുകളുടെ ഇടവേളക്കു ശേഷം സ്റ്റുവര്ട്ട്ബിന്നിയെയും ജോണ്സണ് മടക്കി. 13 റണ്‍സെടുത്ത ബിന്നിയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പിടികൂടുകയായിരുന്നു. പിന്നീട് ദീപക് ഹൂഡയും ജെയിംസ് ഫോക്നറും ചേര്‍ന്ന് 13.5 ഓവറില്‍ സ്കോര്‍ 100 കടത്തി.
ഒടുവില്‍ സ്കോര്‍ 126-ല്‍ എത്തിയപ്പോള്‍ 15 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 30 റണ്‍സെടുത്ത ഹൂഡയെ അനുരീത് സിംഗ് ബൗള്‍ഡാക്കി. ആറ് ഓവറില്‍ 51 റണ്‍സാണ് ഹൂഡയും ഫോക്നറും കൂട്ടിച്ചേര്‍ത്തത്. പിന്നീട് ക്രിസ് മോറിസിനെ ഒരറ്റത്ത് സാക്ഷിയാക്കിനിര്‍ത്തി ഫോക്നര്‍ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന് റോയല്‍സിനെ മാന്യമായ സ്കോറിലെത്തിച്ചത്. എന്നാല്‍ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഫോക്നറെ അനുരീതിന്റെ പന്തില്‍ മില്ലര്‍ പിടികൂടി. പഞ്ചാബിന് വേണ്ടി അനുരീത് സിംഗ് മൂന്നും ജോണ്സണ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
















