411. ഉദയാല്‍കസമദ്യുതിഃ ദേവന്മാരുടെ യാഗാഗ്നിമദ്ധ്യത്തില്‍ നിന്നുണ്ടായ ദേവിയുടെ ശരീരം ഉദയസൂര്യനു തുല്യം കാന്തിയുള്ളതായിരുന്നു.
ജഗദുജ്ജീവനാകാരാ ബ്രഹ്മവിഷ്ണുശിവാത്മികാ
ജപാകുസുമസങ്കാശാ ദാഡിമീകുസുമപ്രഭാ
412. ജഗദുജ്ജീവനാകാരാഃ ജഗത്തിന് ഉജ്ജീവനം നല്‍കുന്ന ആകാരമുള്ളവള്‍. അധര്‍മ്മം വര്‍ദ്ധിച്ച് ജഗത്തിന്റെ പ്രവര്‍ത്തനവും നിലനില്‍പ്പും അപകടത്തിലാകുമ്പോള്‍ ദേവിയുടെ നിര്‍ദ്ദേശപ്രകാരം ഏതെങ്കിലും ദേവനോ ദേവിയോ ധര്‍മ്മസംസ്ഥാപനത്തിനു ശ്രമിക്കും.
അധര്‍മ്മം തീവ്രമാണെങ്കില്‍ വിഷ്ണുവോ ശിവനോ സന്ദര്‍ഭാനുഗുണമായ രൂപത്തില്‍ അവതരിക്കാനും ദേവി നിര്‍ദ്ദേശിക്കും. അങ്ങനെ വിഷ്ണുഭഗവാന്‍ സ്വീകരിച്ച അവതാരങ്ങളാണ് മത്സ്യകൂര്‍മ്മവരാഹാദിയായവ.
ത്രിമൂര്‍ത്തികള്‍ക്കും ദേവന്മാര്‍ക്കും കീഴ്‌പ്പെടുത്താനാകാത്ത മഹിഷാസുരന്‍, ദണ്ഡന്‍ തുടങ്ങിയവരെ നശിപ്പിക്കേണ്ടിവരുമ്പോള്‍ ദേവി നേരിട്ട് ധര്‍മ്മസംസ്ഥാപനത്തിനു ഉദ്യുക്തയാകും. മഹിഷാസുരവധത്തിനായി സര്‍വദേവന്മാരുടെയും ചൈതന്യം ഏകീഭവിച്ചരൂപത്തില്‍ ദേവി അവതരിച്ചത് 171 മുതല്‍ 185വരെ നാമങ്ങളുടെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. ദേവിനാമവും രൂപവും ഇല്ലാത്ത പരാശക്തിയാണെങ്കിലും ലോകസംഗ്രഹത്തിനായി രൂപം സ്വീകരിക്കുമ്പോള്‍ ആ രൂപസ്മരണപോലും ജഗത്തിന് ഉജ്ജീവനമുണ്ടാക്കും.
ദേവിക്ക് അനേകം ആകാരങ്ങളുണ്ട്. ലക്ഷ്മിയായും സരസ്വതിയായും പാര്‍വതിയായും മറ്റനേകം ദേവീമൂര്‍ത്തികളായും ദേവി മാതൃവാത്സല്യത്തോടെ പ്രപഞ്ചത്തിന് ഐശ്വര്യവും വിദ്യയും ജയവുംകൊടുത്ത് ഉജ്ജീവിപ്പിക്കുന്നു.
…. തുടരും
















