റോം: ഇറ്റാലിയന്‍ ലീഗില്‍ റോമക്ക് ജയം. ഇന്നലെ നടന്ന കളിയില്‍ നാപ്പോളിയെ 1-0നാണ് റോമ കീഴടക്കിയത്. കളിയുടെ 25-ാം മിനിറ്റില്‍ മിറാലം പാനിക്കാണ് റോമയുടെ വിജയഗോള്‍ നേടിയത്.
കളിയില്‍ പന്ത് കൂടുതല്‍ നിയന്ത്രിച്ചതും ഷോട്ടുകള്‍ പായിച്ചതും നാപ്പോളിയായിരുന്നെങ്കിലും ഹിഗ്വയിനും ഗുസ്മാനും മെര്‍ട്ടന്‍സും ഉള്‍പ്പെട്ട താരനിര അവയെല്ലാം പാഴാക്കുകയായിരുന്നു. കളിയിലുടനീളം അവര്‍ പായിച്ച 13 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും റോമ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം റോമ താരങ്ങള്‍ പായിച്ച ഏഴ് ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
കളിയുടെ തുടക്കത്തില്‍ നാപ്പോളിക്കാണ് ആദ്യ അവസരം ലഭിച്ചതെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 22, 23 മിനിറ്റുകളില്‍ വീണ്ടും രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം തെറ്റി. തൊട്ടുപിന്നാലെയാണ് റോമയുടെ ഗോള്‍ പിറന്നത്.
ഒരു മുന്നേറ്റത്തിനൊടുവില്‍ അലസ്സാന്‍ഡ്രോ ഫ്‌ളോറന്‍സി നല്‍കിയ പാസ് പിടിച്ചെടുത്ത് മിറാലം പാനിക്ക് ബോക്‌സിനുള്ളില്‍ നിന്ന് പറത്തിയ വലംകാലന്‍ ഷോട്ടാണ് റോമ വലയില്‍ കയറിയത്. തുടര്‍ന്ന് സമനിലക്കായി നാപ്പോളി താരങ്ങള്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യപകുതിയില്‍ എതിര്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്ക് നീങ്ങാതിരുന്നതോടെ ലീഡ് ഉയര്‍ത്താന്‍ റോമക്കും സമനില ഗോളെന്ന നാപ്പോളിയുടെയും സ്വപ്‌നങ്ങള്‍ പൊലിയുകയായിരുന്നു. വിജയത്തോടെ 29 കളികളില്‍ നിന്ന് 56 പോയിന്റുമായി റോമ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 28 കളികളില്‍ നിന്ന് 67പോയിന്റുള്ള ജുവന്റസാണ് ഒന്നാമത്. നാപ്പോളി 29 കളികളില്‍ നിന്ന് 47 പോയിന്റുമായി അഞ്ചാമതാണ്.
















