മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെയും തമ്മില്‍ ഏറ്റുമുട്ടും.
സെമിഫൈനലില്‍ ഡോക്കോവിച്ച് അമേരിക്കയുടെ ജോണ്‍ ഇസ്‌റെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 7-6 (7-3), 6-2. ആദ്യ സെറ്റില്‍ ഇസ്‌നര്‍ ഡോക്കോവിച്ചിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
ഒപ്പത്തിനൊപ്പം നീങ്ങിയ ആദ്യ സെറ്റില്‍ ടൈബ്രേക്കറിലാണ് ഡോക്കോവിച്ച് വിജയം കണ്ടത്. എന്നാല്‍രണ്ടാം സെറ്റ് തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഡോക്കോവയുടെ കരുത്തുറ്റ സെര്‍വുകള്‍ക്കും ഫോര്‍ഹാന്‍ഡ് ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍ക്കും മുന്നില്‍ അടിപതറിയ ഇസ്‌നര്‍ രണ്ട് ഗെയിം മാത്രം നേടി 6-2നാണ് പരാജയപ്പെട്ടത്. ആറാം തവണയാണ് ഡോക്കാവിച്ച് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടുന്നത്. നാല് തവണ കിരീടം നേടുകയും ചെയ്തിട്ടുണ്ട് ഈ സെര്‍ബിയന്‍ താരം.
മറ്റൊരു സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ കീഴടക്കി. സ്‌കോര്‍ 6-4, 6-4. നാലാം തവണയാണ് മുറെ ഇവിടെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇത്തവണ മുന്നാം കിരീടമാണ് മുറെയുടെ ലക്ഷ്യം.
അതേസമയം വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഏഴാം സീഡ് ഹംഗറിയുടെ ടീമിയ ബബോസ്-ഫ്രാന്‍സിന്റെ ക്രിസ്റ്റീന മെഡനോവിക്ക് സഖ്യത്തെ 6-2, 6-4 എന്ന സ്‌കോറിനാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ രണ്ടാം സീഡ് റഷ്യന്‍ ജോഡികളായ ഏകത്‌റീന മകരോവ-എലേന വെസ്‌നിന സഖ്യത്തെ നേരിടും.
















