ധാക്ക: ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ട്രോഫി സമ്മാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമായ മുസ്തഫ കമാല്‍ രാജിവച്ചു.
ഐസിസിയുടെ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കുന്നതെന്ന് മുസ്തഫ കമാല്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
ഐസിസിയുടെ നിയമാവലിക്ക് എതിരായി ഇത്തവണ വിജയികളായ ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചത് ഐസിസി ചെയര്‍മാനായ ശ്രീനിവാസനാണ്. ഇതിനെതിരെ കമാല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
നിയമ പ്രകാരം തനിക്കായിരുന്നു ട്രോഫി സമ്മാനിക്കാനുള്ള അവകാശം. എന്നാല്‍ ശ്രീനിവാസന് തനിക്കുള്ള അവകാശം തട്ടിയെടുക്കുകയായരുന്നു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഇത്തരം ആള്‍ക്കാരെ ക്രിക്കറ്റില്‍ നിന്ന് മാറ്റി നിറുത്തണം. അല്ലെങ്കില്‍ ക്രിക്കറ്റ് എന്ന ഗെയിം നശിച്ചു പോവും കമാല്‍ പറഞ്ഞു.
ലോകകപ്പിനിടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ രോഹിത് ശര്‍മ പുറത്തായ പന്ത് അംപയര്‍ നോബോള്‍ വിളിച്ചതിനെതിരെ കമാല്‍ രംഗത്ത് വന്നിരുന്നു.
















