ദുബായ്: ലോകകപ്പ് ക്രിക്കറ്റിനുശേഷം ഐസിസി പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചു. ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 122 പോയിന്റാണ് അവര്‍ക്കുള്ളത്. 116 പോയിന്റുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും 108 പോയിന്റുമായി ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. 108 പോയിന്റുമായി ശ്രീലങ്കയാണ് അഞ്ചാം സ്ഥാനത്ത്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഡിവില്ലിയേഴ്‌സും ബൗളര്‍മാരുടെ പട്ടികയില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 900 പോയിന്റുകള്‍ നേടുന്ന പതിനൊന്നാമത്തെ താരമെന്ന നേട്ടവും എബി സ്വന്തമാക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ച ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ആദ്യ അഞ്ച്സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയത് ഓസീസിന്റെ സ്റ്റീവന്‍ സ്മിത്തും കിവീസിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ്.
സ്മിത്ത് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലാദ്യമായി പന്ത്രണ്ടാമതെത്തി. ഗുപ്റ്റിലാകട്ടെ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാമതെത്തി. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയുമാണ്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശിഖര്‍ ധവാന്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ടാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ധോണിയും 13-ാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയുമാണ് ആദ്യ ഇരുപതില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍.
22 വിക്കറ്റുകള്‍ വീഴ്‌ത്തി ലോകകപ്പിന്റെ താരമായ ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കരിയറില്‍ ആദ്യമായി ബൗളിങ് റാങ്കിങ്ങിന്റെ തലപ്പത്തെത്തി. രണ്ട് സ്ഥാനം മുന്നേറിയാണ് സ്റ്റാര്‍ക്ക് ഒന്നാം നമ്പറിലെത്തിയത്. സ്പിന്നര്‍മാരാണ് പിന്നീടുള്ള രണ്ട് സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറും പാക്കിസ്ഥാന്റെ സയിദ് അജ്മലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. താഹിറിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. വിവാദ ബൗളിംഗ് ആക്ഷന്റെ പേരില്‍ അജ്മല്‍ ഏകദിനം കളിച്ചിട്ട് ഏറെ നാളുകളായി. എന്നാല്‍ ഒരൊറ്റ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
11-ാം സ്ഥാനത്തുള്ള മുഹമ്മദ് ഷാമിയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം. അശ്വിന്‍ 14-ാം സ്ഥാനത്താണ്. കരിയറിലാദ്യമായി ഉമേഷ് യാദവ് ആദ്യ ഇരുപതില്‍ ഇടംപിടിച്ചു. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 599 പോയിന്റുള്ള ഉമേഷ് 19-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. 20-ാം സ്ഥാനത്ത് ഭുവനേശ്വര്‍കുമാറാണ്. അതേസമയം ലോകകപ്പില്‍ 22 വിക്കറ്റുകള്‍ വീഴ്‌ത്തിയ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ട് ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലാദ്യമായി ആറാം സ്ഥാനത്തെത്തി.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ശ്രീലങ്കയുടെ ദില്‍ഷനാണ് ഒന്നാമത്. ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനും ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ജീന്‍ പോള്‍ ഡുമ്‌നി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
















