കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ട്വന്റി 20 ദക്ഷിണ മേഖലാ ലീഗ് മത്സരത്തി കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ കേരളം ഗോവയെ 49 റണ്‍സിനാണ് തകര്‍ത്തത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ആന്ധ്രപദേശും തമിഴ്‌നാടും വിജയം സ്വന്തമാക്കി.
കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഗോവക്കെതിരെ നടന്ന കളിയില്‍ കേരളം 20 ഓവറില്‍ 7 വിക്കറ്റിന് 155 റണ്‍സെടുത്തു. 43 പന്തില്‍ നിന്നും 56 റണ്‍സെടുത്ത സഞ്ജു വി. സാംസന്റെ മികച്ച ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സഞ്ജുവിന് പുറമെ രോഹന്‍ പ്രേം 26 റണ്‍സും സച്ചിന്‍ മോഹന്‍ 20 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ നാലിന് 61 എന്ന നിലയിലേക്ക് പരുങ്ങിയ കേരളത്തെ രോഹന്‍ പ്രേമിനൊപ്പം ചേര്‍ന്നു സഞ്ജു കരകയറ്റുകയായിരുന്നു.
അവസാന ഓവറിലെത്തിയ റൈഫി വിന്‍സെന്റ് ഗോമസ് നാലു പന്തുകളില്‍ 11 റണ്‍സെടുത്തു ടീം ടോട്ടല്‍ 155ല്‍ എത്തിക്കുകയായിരുന്നു. ഗോവയ്‌ക്കു വേണ്ടി ഷേര്‍ബഹാദൂര്‍ യാദന് രണ്ടു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 17.5 ഓവറില്‍ 106 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി പ്രശാന്ത് പത്മനാഭനും അമിത് വര്‍മ്മയും 3 വിക്കറ്റ് വീതം വീഴ്‌ത്തി.
ഉച്ചക്ക് ശേഷം നടന്ന മത്സരത്തില്‍ ആന്ധ്ര കര്‍ണ്ണാടകയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 17.5 ഓവറില്‍ 91 റണ്‍സിന് പുറത്തായി. ആന്ധ്ര 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം കണ്ടു. 33 റണ്‍സെടുത്ത ഡി. ബി. പ്രശാന്ത് കുമാറാണ് ആന്ധ്രയുടെ ടോപ്പ് സ്‌കോറര്‍.
കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിനാണ് തമിഴ്‌നാട് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യ്ത തമിഴ്‌നാട് 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 43 പന്തില്‍ നിന്നും 62 റണ്‍സെടുത്ത അനിരുദ്ധയാണ് ടോപ്പ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ ആയുള്ളൂ.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് ഗോവ കര്‍ണ്ണാടകയെയും 1 മണിക്ക് കേരളം തമിഴ്‌നാടിനെയും നേരിടും. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ 9 മണിക്ക് ആന്ധ്ര ഹൈദരാബാദ് മത്സരം നടക്കും.
















