ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ, ആറാം സീഡ് കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡ്, സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ച്, ജര്‍മ്മനിയുടെ സബിന ലിസിക്കി, ഇറ്റലിയുടെ ഫഌവിയ പെന്നേറ്റ തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, നാലാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, അഞ്ചാം സീഡ് ജപ്പാന്റെ കീ നിഷികോരി, 12-ാം സീഡ് സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസ്, 18-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, ഒാസ്ട്രേലിയയുടെ ബെര്‍ണാഡ് ടോമിക്ക്, തന്‍സി കോക്കിനാകിസ്, ഇറ്റലിയുടെ അഡ്രിയാന്‍ മന്നാരിേനാ തുടങ്ങിയവര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ 6-4, 6-3 എന്ന സ്കോറിന് മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്കയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഫഌവിയ പെന്നേറ്റ 6-4, 6-2 എന്ന സ്കോറിന് സാമന്ത സ്ട്രോസറിനെയും ലിസിക്കി 6-4, 6-2 എന്ന സ്കോറിന് സാറാ ഇറാനിയെയും യെലേന ജാന്‍കോവിച്ച് 7-5, 4-6, 3-6 എന്ന സ്കോറിന് മാഡിസണ്‍ കെയ്സിനെയും പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.
സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്ക് 6-4, 6-4 എന്ന ക്രമത്തില്‍ ലോക നാലാം നമ്പര്‍ കരോലിന വോസ്നിയാക്കിയെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറിലെത്തി. മറ്റൊരു മത്സരത്തില്‍ യോഗ്യതാ റൗണ്ട് കടന്നെത്തിയ ഉക്രെയിന്റെ ലെസിയ സുരെന്കോ 20-ാം സീഡ് ഫ്രഞ്ച് താരം അലിസെ കോര്‍നെറ്റിനെ അട്ടിമറിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി.
പുരുഷ വിഭാഗത്തില്‍ ഡോക്കോവിച്ച് 7-5, 6-3 എന്ന സ്കോറിന് സ്പാനിഷ് താരം റാമോസ് വിലാനോസിനെയും ആന്‍ഡി മുറെ 6-1, 3-6, 6-1 എന്ന സ്കോറിന് ജര്‍മ്മനിയുടെ ഫിലിപ്പ് സ്കോള്സ്കൈബറെയും കീ നിഷികോരി സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്ഡാസ്കോയെയും (7-6 (8-6), 1-6, 4-6) കീഴടക്കിയാണ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്.
















