മഹാത്മാക്കള്‍പോലും ഔഷധത്തെ തിരസ്‌കരിച്ചിരുന്നില്ല. രോഗം വന്നാല്‍ അതിന്റെ ശമനത്തിനായി വേണ്ടതൊക്കെ അവരും ചെയ്തിരുന്നു. ഇതു സ്വപ്രയത്‌നത്തിന്റെ ആവശ്യകതയെയാണു കാണിക്കുന്നത്. എല്ലാം ഭഗവാനില്‍ അര്‍പ്പിച്ചു മടിയനായി ഇരിക്കുവാന്‍ നമ്മുടെ സംസ്‌കാരം ഒരിക്കലും ഉപദേശിക്കുന്നില്ല.
നമ്മുടെ ദുരിതങ്ങള്‍ കുറയ്‌ക്കാന്‍ നാം പരിശ്രമിക്കണം. എന്നാല്‍ അപ്പോഴും ഏതൊരു കര്‍മ്മത്തിന്റെയും പിന്നിലെ ശക്തി അവിടുത്തേതാണെന്നറിഞ്ഞു വിനയം വിടാതെ പൂജാഭാവത്തില്‍ കര്‍മ്മം ചെയ്യണം. അതാണു മഹാത്മാക്കളും ശാസ്ത്രങ്ങളും നമ്മെ ഉപദേശിക്കുന്നത്. തത്ത്വമറിഞ്ഞ് എല്ലാം അവിടുത്തേക്കു സമര്‍പ്പിച്ചു സാധന ചെയ്യുന്ന ഒരുവന്റെ കാര്യത്തില്‍ രോഗശമനത്തിനായി പൂജയും പ്രാര്‍ത്ഥനയും ചെയ്യേണ്ട ആവശ്യമില്ല.
കാരണം, അവര്‍ സുഖവും ദുഃഖവും അവിടുത്തെ ഇച്ഛയായി സ്വീകരിക്കുന്നു. എന്നാല്‍ ആവിധമുള്ള സമര്‍പ്പണത്തിനു സാധിക്കാത്ത സാധാരണക്കാര്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. അതിലൂടെ ക്രമേണ നിഷ്‌കാമമായ ഭക്തിയില്‍ത്തന്നെ അവര്‍ എത്തിച്ചേരും. ഏതായാലും നമുക്കു ചെയ്യുവാന്‍ കഴിയുന്നതൊക്കെ നാം ചെയ്യുക.
എന്നിട്ടും കഷ്ടതകള്‍ തുടരുകയാണെങ്കില്‍, അതു തന്റെ നന്മയ്‌ക്കുവേണ്ടിയാണെന്നു കരുതി സ്വീകരിക്കുക. അവിടെയും തളരുവാന്‍ പാടില്ല. ആ കഷ്ടതകളിലും നാം വിശ്രമിക്കുന്നത് അവിടുത്തെ മടിത്തട്ടിലാണെന്ന ബോധം നഷ്ടമാകുവാന്‍ പാടില്ല. ഈ മനോഭാവം നമുക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അതിജീവിക്കുവാനുള്ള ശക്തിപകരും.
















