ന്യൂദല്‍ഹി: വിശ്വാസക്കാര്യങ്ങളില്‍ തീരുമാനിക്കുമ്പോള്‍, ഭരണഘടനാപരമായ അധികാരികള്‍ വ്യക്തിപരമായ മതവിശ്വാസങ്ങള്‍ക്കും മേലെ ഉയരണമെന്നും അവര്‍ക്കു വഴികാട്ടിയാകേണ്ടത് മനസാക്ഷിയുടെ സ്വാതന്ത്ര്യവും ഭരണഘടനയുമാണെന്നും സുപ്രീം കോടതി. ശബരിമല യുവതീ പ്രവേശക്കേസില്‍ വാദം കേള്‍ക്കവേ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഈ നിരീക്ഷണം.
റെയില്‍വെ സ്റ്റേഷനോ ബസ് സ്റ്റാന്‍ഡോ പോലെ ആര്‍ക്കും എപ്പോഴും കയറാനും ഇറങ്ങാനുമാകുന്ന പൊതുസ്ഥലമല്ല ക്ഷേത്രങ്ങളെന്ന് വാദത്തിനിടെ ആത്മാറാം ട്രസ്റ്റിനായി ഹാജരായ പ്രമുഖ അഭിഭാഷകന്‍ എം.ആര്‍. വെങ്കിടേഷ് പറഞ്ഞു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ സ്വയമേവ ക്ഷേത്രത്തില്‍ പോകാറില്ല. അതവരുടെ അച്ചടക്കമാണ്. ഇതൊരു അലിഖിത നിയമമാണ്. വീടുകളിലെ ആരാധനാ സ്ഥലങ്ങളില്‍പ്പോലും അപ്പോള്‍ അവര്‍ കയറാറില്ല. അതു വിശ്വാസത്തിന്റെ കാര്യമാണ്. എനിക്കിതിനു ശാസ്ത്രീയ വിശദീകരണമൊന്നുമില്ല. ശാസ്ത്രം അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുന്നു. വിശ്വാസം അവസാനിക്കുന്നിടത്ത് ശാസ്ത്രവും ആരംഭിക്കുന്നു, അദ്ദേഹം പറഞ്ഞു.
കേസില്‍ മതങ്ങളുടെ അവകാശം തീരുമാനിക്കാനാണ് കോടതി ശ്രമിക്കുന്നതെന്ന് സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ഹിന്ദു ആചാരങ്ങളെ സംരക്ഷിക്കാനല്ല, എല്ലാവര്‍ക്കുമായി ഓരോ വിശ്വാസത്തിനുമായി നിയമം കൊണ്ടുവരാനാണ് കോടതി ശ്രമം. വിശ്വാസങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരും. എന്നാല്‍ നിയമം കൊണ്ടു മാത്രം അത്തരം മാറ്റങ്ങള്‍ വരില്ല. കോടതി തീരുമാനം വനവാസികളുടെ മതത്തെ വരെ ബാധിക്കും, അദ്ദേഹം വാദം തുടര്‍ന്നു.
















