ശ്രീരാമകൃഷ്ണന് വളരെ യാഥാസ്ഥിതികനായ ഒരു ബ്രാഹ്മണന്റെ മകനായിരുന്നു. ബ്രാഹ്മണരില്‍ ഒരു വിശേഷവിഭാഗക്കാരില്നിന്നൊഴികെ വേറൊരാളില്‍നിന്നും ദാനംപോലും അദ്ദേഹം നിരസിക്കും. അദ്ദേഹം വേലയൊന്നും ചെയ്യില്ല. അമ്പലത്തില്‍ ശാന്തിക്കാരനാകയുമില്ല. പുസ്തകം വില്ക്കുകയോ പരസേവ ചെയ്കയോ ഇല്ല. ആകാശഭിക്ഷയേ അദ്ദേഹത്തിനു സ്വീകാരമാകൂ. അതും പതിത ബ്രാഹ്മണനില്നിന്നാകരുത്.
ക്ഷേത്രങ്ങള്‍ക്ക് ഹിന്ദുമതത്തിന്റെ മേല്‍ സ്വാധീനതയില്ല. അവയെല്ലാം നശിപ്പിക്കപ്പെട്ടാലും മതത്തിനു തരിമ്പും കേടുണ്ടാവില്ല. മനുഷ്യന്, ഈശ്വരനും അതിഥികള്ക്കുമായിട്ടേ വീടു കെട്ടാവൂ. തനിക്കായി കെട്ടുന്നതു സ്വാര്‍ത്ഥതയാണ്. അതുകൊണ്ടയാള്‍ ഈശ്വരന്റെ നികേതനായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നു.ഇല്ലത്തെ ദാരിദ്ര്യാധിക്യംകൊണ്ടു ശ്രീരാമകൃഷ്ണനു ബാല്യത്തില്‍ത്തന്നെ ഒരു ദേവീക്ഷേത്രത്തിലെ ശാന്തിക്കാരനാകേണ്ടിവന്നു.
ദേവിക്കു പ്രകൃതിയെന്നും കാളിയെന്നും പേരുണ്ട്. ഒരു പുരുഷരൂപത്തിനുമേല് ചവുട്ടികൊണ്ട് ഒരു സ്ത്രീരൂപം നിലകൊള്ളുന്നു. മായ നീങ്ങുന്നതുവരെ നമുക്കൊന്നും അറിയുക സാധ്യമല്ല എന്നാണത് കുറിക്കുന്നത്. ബ്രഹ്മത്തില്‍ ലിംഗഭേദമില്ല. അജ്ഞാതവും അജ്ഞേയവും, വിഷയീഭവിക്കുവാന് അവിടുന്നു മായാപടംകൊണ്ടു സ്വയം മൂടുന്നു. വിശ്വജനനിയായിത്തീരുന്നു.
പ്രപഞ്ചത്തെ പ്രസവിക്കുന്നു. ധരാശായിയായ ശിവന് മായാവരണം നിമിത്തം ശവമായി മാറിയിരിക്കുന്നു. ഞാന്‍ ബലാല് ഈശ്വരനെ അനാച്ഛാദനം ചെയ്യും എന്ന് ജ്ഞാനി പറയുന്നു. എന്നാല്‍ ദ്വൈതി പറയുന്നു, ഞാന്‍ അമ്മയോടിരന്ന് ഈശ്വരനെ കണ്ടെത്തും. വാതിലൊന്നു തുറന്നുതരാന്‍ അമ്മയോടു യാചിക്കും. അതിന്റെ താക്കോല്‍ അമ്മയുടെ വശമേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: