രോഗികളുടെ സുരക്ഷയിലും അണുബാധയിലും ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഐസിയുവിലെ തീപിടിത്തത്തെത്തുടര്‍ന്ന് താത്കാലിക ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നു കാട്ടി ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എ. നിസാറുദീന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആശങ്ക അറിയിച്ച് കത്തയച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും പലതവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് കത്ത് എഴുതിയത്.
തീപ്പിടിത്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയു പ്രവര്‍ത്തന സജ്ജമാകാത്തതില്‍ അദ്ദേഹം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. തുണികെട്ടി മറച്ച താത്കാലിക ഐസിയുവില്‍ രോഗികളെ കിടത്തുന്നത് ശാസ്ത്രീയമല്ലെന്നും ഇത് കടുത്ത അണുബാധയ്‌ക്ക് കാരണമാകുമെന്നും ജീവനു വരെ ഭീഷണി ഉണ്ടാകാമെന്നും കത്തില്‍ പറയുന്നു.
മാര്‍ച്ച് 17ന് ആയിരുന്നു മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് സര്‍ജിക്കല്‍ ഐസിയുവില്‍ ഉണ്ടായിരുന്ന 16 രോഗികളെയും എതിര്‍വശത്തെ വാര്‍ഡിലുണ്ടായിരുന്ന 16 പേരെയുമാണ് താത്കാലിക ഐസിയുവിലേക്ക് മാറ്റിയത്. തീപ്പിടിത്തത്തിന് ശേഷം അഞ്ചോളം രോഗികള്‍ മരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി തന്നെ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കത്തുമായി രംഗത്തെത്തിയത്. ഇതോടെ തീപ്പിടിത്തത്തെ തുടര്‍ന്ന് മാറ്റിയ രോഗികളില്‍ അഞ്ച് പേര്‍ മരിക്കാനിടയായത് കൂടുതല്‍ സംശയങ്ങള്‍ക്ക ഇടയാക്കുന്നു. അന്നും തൊട്ടടുത്ത ദിവസവുമായി ചികിത്സയിലിരിക്കെയാണ് അഞ്ച്‌പേര്‍ മരിച്ചത്. മരണത്തിന് കാരണം ഗുരുതര പരുക്കുകളെന്നും ഹൃദയാഘാതമെന്നുമാണ് അന്ന് വിശദീകരിച്ചത്.
തീപ്പിടിത്തമുണ്ടായ സര്‍ജിക്കല്‍ ഐസിയുവിന് തൊട്ടടുത്തുള്ള ഏഴും എട്ടും ജനറല്‍ വാര്‍ഡുകളാണ് ഇപ്പോള്‍ താത്കാലിക ഐസിയു ആയി ഉപയോഗിക്കുന്നത്. ജനറല്‍ വാര്‍ഡായതിനാല്‍ ഐസിയുവിനെ വേര്‍തിരിക്കുന്ന കാബിനുകള്‍ ഇല്ല. പകരം തുണികെട്ടി മറച്ചാണ് ഓരോ രോഗിക്കുമുള്ള ഇടങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇത്തരത്തില്‍ പരിമിതമായ സൗകര്യങ്ങളുള്ള വാര്‍ഡുകളില്‍ ചികിത്സിക്കേണ്ടി വരുന്നത് അണുബാധയുണ്ടായി ജീവന് തന്നെ അപകടകരമായേക്കാം.
അത്യാഹിത വിഭാഗത്തിലും അതീവ ഗുരുതരാവസ്ഥയിലും എത്തുന്ന രോഗികളെ ഐസിയുവിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. നേരത്തേ 32 ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ താത്ക്കാലിക വാര്‍ഡുകളില്‍ 20 കിടക്കകള്‍ മാത്രമാണ് ഉള്ളത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ക്ലിയറന്‍സ് വൈകുന്നതാണ് ഐസിയു സജ്ജമാക്കാനുള്ള കാലതാമസത്തിന് കാരണം എന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്‌നം വിവാദമായതോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ ഐസിയു ശരിയാക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.
















