ലോകത്തില്‍ സുലഭമായ നിസ്സാരവസ്തുപോലും ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചാല്‍ ഈശ്വരന് സന്തോഷത്തോടുകൂടെ സമര്‍പ്പിച്ചാല്‍ ഈശ്വരന് സര്‍വൈശ്വര്യ സമ്പൂര്‍ണ്ണനാണ്. മറ്റൊരാള്‍ നല്കുന്ന വിലപിടിച്ച ദ്രവ്യമൊന്നും അവിടുത്തേയ്ക്കു വിശേഷിച്ച് ഒരു പ്രയോജനവും ഉളവാക്കുകയില്ല. പാത്രത്തില്‍ പറ്റിയിരുന്ന ചീരയില്‍ മാത്രം പാഞ്ചാലി ഭഗവാനു ദാനം ചെയ്തു.
ഗജേന്ദ്രന് ഒരു പുഷ്പം സമര്‍പ്പിച്ച ശബരി നല്കിയതും പഴമാണ്. രന്തിദേവന് ജലം കൊടുത്തു. കുചേലന് കല്ലും മണ്ണും നിറഞ്ഞ അവലാണു ഭഗവാനു സമര്‍പ്പിച്ചത്. അവയെല്ലാം ഭഗവാന് എത്ര സന്തോഷത്തൊടുകൂടെയാണ് സ്വീകരിച്ചതെന്നു പുരാണങ്ങളില്‍നിന്നു നമുക്കറിയാം. അര്‍പ്പിക്കുന്ന വസ്തുവിന്റെ മഹത്ത്വമല്ല ഭഗവാന്റെ അംഗീകാരത്തിനു കാരണം.
ഭക്തിപൂര്‍ണമായ അര്‍പ്പണമാണ്. അതുകൊണ്ടാണ് അര്ച്ചനസ്യാതിശായനായ് എന്ന് ഈശ്വരസാന്നിദ്ധ്യത്തിനുള്ള ഹേതുവായി ചൂണ്ടിക്കാണിക്കുന്നത്.
അര്‍ച്ചനയില്‍ ഈശ്വരസാന്നിദ്ധ്യത്തിനുള്ള മറ്റൊരു കാരണമായ പ്രതിമയ്ക്കു ഒരു വലിയ സ്ഥാനമാണുള്ളത്.
ശൈലീ ദാരുമയീ ലൗഹീ ലേപ്യാ ലേഖ്യാ ച സൈകതീ
മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ
എന്ന് എട്ടുതരത്തിലുള്ള പ്രതിമകളെക്കുറിച്ച് ശ്രീകൃഷ്ണ ഭഗവാന് ഉദ്ധവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതായി ഭാഗവതത്തില്‍ പ്രതിപാദിച്ചു കാണുന്നു. കരിങ്കല്ലുകൊണ്ടുണ്ടാക്കിയിട്ടുള്ള പ്രതിമയാണ് ശൈലീ. മരംകൊണ്ടു നിര്‍മ്മിക്കുന്നതു ഭാരുമയിയായ പ്രതിമയാണ് ലോഹനിര്‍മ്മിതമാണ് ലൗഹീ കടുശര്‍ക്കരയോഗം മുതലായ ലേപനവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ പ്രതിമ ലേപ്യയാണ്. ചിത്രകാരന്മാര് നിലത്തും ഭിത്തിയിലും കടലാസ്സിലും മറ്റും വരച്ചുണ്ടാക്കുന്നതാണ് ലേഖ്യ.
കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ദേവവിഗ്രഹങ്ങളും നദികളിലും മറ്റു മണല്പിടിച്ചുണ്ടാക്കുന്ന ദേവപ്രതീകവും മണല്‍ നിരത്തിയുണ്ടാക്കുന്ന തറയും മറ്റുമാണ് സൈകതി. രത്നങ്ങള്‍കൊണ്ടുള്ള ദേവവിഗ്രഹമാണ് മണിമയി. ഷഢാധാര പത്മങ്ങളില്‍ എവിടെയെങ്കിലും മനസ്സുകൊണ്ടു സങ്കല്പിച്ചുണ്ടാക്കുന്ന പ്രതിമ മനോമയിയാകുന്നു. ഇങ്ങനെ എട്ടുതരത്തിലുള്ള പ്രതിമകളിലും പൂജിക്കാമെന്നാണു ഭാഗവതമതം.
പ്രതിമകള്‍, ചലം, അചലം, ചലാചലം എന്നു മൂന്നുവിധത്തിലുണ്ട്. കയ്യിലെടുത്തുകൊണ്ടു നടക്കാവുന്നതാണ് ചലവിഗ്രഹം. ക്ഷേത്രങ്ങളിലും മറ്റും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹം അചലമാകുന്നു. അതു സ്ഥാനകം ആസനം ശയനം എന്നു മൂന്നുവിധമുണ്ട്. സ്ഥാനകം നില്ക്കുന്നതും ആസനം ഇരിക്കുന്നതും ശയനം കിടക്കുന്നതുമായ വിഗ്രഹങ്ങളാണ്. വിഷ്ണുവിന്റെ അനന്തശയനം മാത്രമേ കിടക്കുന്നതായിട്ടുള്ളു. തിരുവനന്തപുരം ശ്രീരംഗം മുതലായ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അങ്ങനെയുള്ളവയാണല്ലോ. ഒരിടത്തുവച്ചു പൂജിക്കുന്നതും വിശേഷദിവസങ്ങളിലും മറ്റും എടുത്തുകൊണ്ടു നടക്കുന്നതും മറ്റുമായ വിഗ്രഹമാണ് ചലാചലം. ഈ വിഗ്രഹങ്ങളെ സാത്വികം, രാജസം, താമസം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു.
യോഗമുദ്രയോടുകൂടിയതും നീണ്ടുനിവര്‍ന്നതും വരദാഭയ ഹസ്തങ്ങളോടുകൂടിയതുമാണ് സാത്വികം. വാഹനത്തിന്മേല് ഇരിക്കുന്നതും നാനാവിധാഭരണങ്ങളണിഞ്ഞതും ആയുധങ്ങള്‍ ധരിച്ചും വരദാഭയമുദ്രകള്‍ പിടിച്ചു ഇരിക്കുന്നതും രാജസപ്രതിമയാണ്. ആയുധങ്ങള്‍ക്കൊണ്ടും അസുരന്മാരെ നിഗ്രഹിക്കുന്നവിധത്തിലുള്ള പ്രതിമകള്‍ താമസങ്ങളാകുന്നു. ഇങ്ങനെയുള്ള ഈശ്വരരൂപങ്ങളായ പ്രതിമകളും ചിത്രങ്ങളുംവച്ച് ഭക്തിപൂര്‍വ്വം ഈശ്വരപൂജ ചെയ്താല്‍ അവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടാകുമെന്നാണ് ആഭിരൂപ്യാച്ച ബിംബാനാം എന്ന ശ്ലോകപാദം കൊണ്ടു പ്രതിപാദിക്കുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: