2001ല്‍ ഭക്ഷ്യ – സാംസ്കാരിക-ദേവസ്വം മന്ത്രിയായി ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാംഗ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
കൂട്ടുകെട്ടില്ലാതെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന്പോലും കോണ്‍ഗ്രസ്സിന് കഴിയാത്ത കാലത്തായിരുന്നു ജി. കാര്ത്തികേയന് യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റായത്. അന്ന് കാര്ത്തികേയന് വെട്ടിത്തുറന്നു പറഞ്ഞു, കേരളത്തില്‍ ഏകകക്ഷി ഭരണം അതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. മുന്നണി രാഷ്ട്രീയത്തിന്റെ കെട്ടുപാടുകള്‍ കേട്ടുംകണ്ടും അനുഭവിച്ചും തന്നെയാകണം സഹപ്രവര്‍ത്തകര്‍ക്കുപോലും ദഹിക്കാത്ത ഈ ലക്ഷ്യം മുന്നോട്ടുവച്ചത്.
കേരളമാകെ ഇതിനായി പര്യടനം നടത്തി. കോണ്‍ഗ്രസ്സിന്റെ ഘടകങ്ങള്‍ ചൊടിച്ചു. മുസ്ലീംലീഗടക്കം കാര്‍ത്തികേയന്റെ മനോഭാവമാണോ കോണ്ഗ്രസ്സിനെന്നാരാഞ്ഞു. ഏകകക്ഷിഭരണമെന്ന ലക്ഷ്യം ഗതികിട്ടാപ്രേതംപോലെ അന്തരീക്ഷത്തില്‍ പതിഞ്ഞതല്ലാതെ കരപറ്റിയില്ല. ഏകകക്ഷിഭരണം എന്ന ലക്ഷ്യം എല്ലാവരും മറന്നു. കാര്ത്തികേയന് ആദ്യമായി ഇരുപതുവര്‍ഷം മുമ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയശേഷം ഒരു കുസൃതി ചോദ്യം.
‘ ഏക കക്ഷി ഭരണത്തിനായി ഏറെ കൊതിക്കുന്ന കാര്ത്തികേയന് കൂട്ടുമന്ത്രിസഭയില്‍ ചേര്‍ന്നതില്‍ അനൗചിത്യമില്ലേ’ ‘ എന്റെ ലക്ഷ്യത്തില്‍ ഒരു മാറ്റവുമില്ല. ഏകകക്ഷിഭരണത്തിനായി കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള ഒരവസരം എന്ന നിലയ്ക്കാണ് ഈ പദവിയെ കാണുന്നത്. കോണ്‍ഗ്രസ്സിനെ ലക്ഷ്യത്തിലെത്തിക്കാന്‍ വിദൂരസാഹചര്യം പോലും ഇല്ലെന്ന തിരിച്ചറിവിലാണ് ജി.കാര്ത്തികേയന് വിടപറഞ്ഞിരിക്കുന്നത്.
ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിച്ച ബാല്യകാലം. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കാരുണ്യത്താല്‍ കഞ്ഞികുടിച്ച് കരുപ്പിടിപ്പിച്ച വ്യക്തിത്വം ആരുടെ മുന്നിലും തലകുനിക്കാത്തതായിരുന്നു. ആരെതിര്‍ത്താലും നിലപാടില്‍ തിരുത്ത് വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ആരെയും വെട്ടിനിരത്താനും കാര്ത്തികേയന് മുതിര്‍ന്നില്ല.
കെ.കരുണാകരന്റെ പ്രതാപകാലത്തും പീഡനകാലത്തും അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചുകൊണ്ടായിരുന്നു കാര്‍ത്തികേയന്റെ യുവത്വം. ആരെന്തുപറഞ്ഞാലും കരുണാകരനാണ് ശരിയെന്ന് ഉറച്ചുവിശ്വസിച്ചു.അതിനായി ഏറെ അദ്ധ്വാനിച്ചു. തകര്‍ന്നടിയാന്‍ പോയ കോണ്‍ഗ്രസ്സിന് പുതുജീവന്‍ നല്‍കിയത് കാര്ത്തികേയന് യൂത്തുകോണ്ഗ്രസ്സിനെ നയിച്ചപ്പോഴായിരുന്നു.
അതിന്റെ ഫലം പൂര്‍ണ്ണമായും കാര്ത്തികേയന് അനുഭവിക്കാന്‍ കഴിഞ്ഞോ എന്നറിയില്ല. കരുണാകരന്റെ അനുഗ്രഹത്തോടെ രാഷ്ട്രീയത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാന്‍ കാര്‍ത്തികേയനായി. കാര്‍ത്തികേയന്റെ കാരുണ്യത്താല്‍ പലരും കരപറ്റുകയും ചെയ്തു. 1991 ല്‍ കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ അനുഭവിക്കേണ്ടിവന്ന അനാഥത്വമാണ് ‘ തിരുത്തല്‍വാദി’ എന്ന പേരിലൊരു കൂട്ടം കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കലഹത്തിനൊരുങ്ങിയത്.
1992 ജൂലായ് 3ന് ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അതിവേഗത്തില്‍ വന്നുകൊണ്ടിരിക്കെ കരുണാകരന് സഞ്ചരിച്ച കാര്‍ കഴക്കൂട്ടത്ത് തലകീഴ്മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ കാലം. മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയത് സി.വി.പത്മരാജനായിരുന്നു. ഭരണം നിയന്ത്രിക്കാന്‍ ബാഹ്യശക്തികളുടെ കിച്ചണ്‍ കാബിനറ്റെന്ന് ആക്ഷേപമുയര്‍ന്നു. കരുണാകരന്റെ വിശ്വസ്തരായിരുന്ന കാര്ത്തികേയന് ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു.
സേവാദളിന്റെ സാരഥിയാണെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പൂമുഖത്തൊന്നും ഇടം നേടിയിട്ടില്ലാത്ത കെ.മുരളീധരന് ഭരണത്തിന്റെ മുഖ്യകാര്യക്കാരനായതും ചര്‍ച്ച ചെയ്യപ്പെട്ടു. കെ.കരുണാകരന് ചികിത്സ കഴിഞ്ഞെത്തിയിട്ടും പഴയൊരു പരിഗണന കാര്ത്തികേയന്, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് തുടങ്ങിയവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നാണ് തിരുത്തല്‍ വാദ മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തോട് അടുക്കാനും കഴിയില്ല ഐ വിഭാഗം അവഗണിക്കുകയും ചെയ്തപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള അടവെന്ന നിലയിലായിരുന്നു തിരുത്തല്‍വാദം ഉയര്‍ത്തിയത്. തിരുത്തല്‍വാദവും ഏകകക്ഷിഭരണമെന്ന ലക്ഷ്യം പോലെ ഗതികിട്ടാപ്രേതമായി. എന്നിട്ടും നിലപാട് മാറ്റാന്‍ തയ്യാറായില്ല. അതിനുശേഷം ഗ്രൂപ്പില്ലാ ഗ്രൂപ്പുകാരുടെ ചെറു സംഘത്തിനൊപ്പമായി കാര്ത്തികേയന്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കാര്ത്തികേയന് അംഗമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ വിധി സ്പീക്കറാകാനായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ സ്പീക്കറായിരിക്കെ കാര്ത്തികേയന് ആഗ്രഹിച്ചതായി കേട്ടിരുന്നു. എല്ലാവരും പ്രതീക്ഷിച്ചു. ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി കാര്‍ത്തികേയന്റെ പേര് ഹൈക്കമാണ്ടിന് മുന്നില്‍ എത്തുകയും ചെയ്തു. പക്ഷെ നറുക്ക് വീണത് വി.എം.സുധീരന്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജികെ എന്ന് ഇഷ്ടക്കാരെല്ലാം വിളിക്കുന്ന ജി.കാര്ത്തികേയന്. രാഷ്ട്രീയം നന്നായി പഠിച്ചാണ് കളത്തിലിറങ്ങിയത്. കെഎസ് യുവില്‍ നിന്ന് തുടങ്ങി യൂത്തുകോണ്ഗ്രസ്സിലും കോണ്‍ഗ്രസ്സിലും പ്രധാന പദവികള്‍ വഹിച്ച കാര്ത്തികേയന് പരന്ന വായനയുണ്ട്. സാഹിത്യാഭിരുചിയും കുറവല്ല. എഴുത്തും സാംസ്കാരിക പ്രവര്‍ത്തനവും സിനിമ കാണലുമൊക്കെയാണ് രാഷ്ട്രീയത്തിനു പരിയായ അഭിരുചി.ഇതെല്ലാം ഒത്തുചേരുന്ന പ്രകൃതക്കാരല്ലല്ലോ കോണ്ഗ്രസ്സുകാര്. പൊതുവായുള്ള സ്വഭാവത്തില്‍ സിനിമ കാണലിലൊതുങ്ങും.
ഉന്നത സ്ഥാനത്തെത്തിയാല്‍ വന്നവഴി മറക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളില്‍ പലരും. എന്നാല്‍ കാര്ത്തികേയന് അതിനൊരു അപവാദമാണ്. സൗമ്യമായി പെരുമാറും. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കില്ല. അവഗണിക്കില്ല. എന്നെയും പരിഗണിച്ചുവെന്ന് സന്ദര്‍ശകനെ ബോധ്യപ്പെടുത്തും വിധം അടുപ്പം കാണിക്കും. തോളില്‍ തട്ടി പേരു വിളിച്ച് സംസാരിക്കും.
1987 ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ കാര്ത്തികേയന് നേരിടേണ്ടിവന്നത് ത്രികോണ മത്സരമായിരുന്നു എം വിജയകുമാറാണ് അന്നു വിജയിച്ചത്. മൂന്നാമത്തെ സ്ഥാനാര്‍ത്ഥി ബിജെപി നേതാവ് കെ.ജി.മാരാര്‍ ആയിരുന്നു. മാരാര്‍ജിയുടെ സൗഹൃദവും പെരുമാറ്റവും അസൂയാവഹമായിരുന്നു എന്ന് കാര്ത്തികേയന് പറയുമായിരുന്നു. ഒരുപക്ഷെ അന്ന് കാര്‍ത്തികേയന്റെ തോല്‍വിക്ക് കാരണം ശക്തമായ ത്രികോണ മത്സരമാണെന്ന് വിലയിരുത്തിയവരുണ്ട്. വേണമെങ്കില്‍ മാരാര്ജിയോട് കുശുമ്പ് തോന്നാം. പക്ഷെ അന്നുണ്ടായ ബന്ധം മാരാര്‍ജി മരിക്കുംവരെ സുദൃഡമായിരുന്നു.
ആറുതവണയാണ് കാര്ത്തികേയന് നിയമസഭയിലേക്ക് ജയിച്ചത്. 1991 മുതല്‍ ഒരേ മണ്ഡലത്തില്‍ തോല്‍വി അറിയാത്ത മത്സരം. ത്രികോണ മത്സരം നടന്നിട്ടും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ മഹത്വം കൊണ്ടല്ല കാര്‍ത്തികേയന്റെ വ്യക്തിവൈശിഷ്ട്യം കൊണ്ടാണെന്ന് പറയാം. മാന്യത വിട്ട് ഒരു വാക്ക് പ്രസംഗത്തില്‍ പറയില്ല. പ്രതിയോഗികളോടുപോലും ബഹുമാനത്തോടെ കുശലാന്വേഷണം. അതുകൊണ്ടുതന്നെയാണ് ‘ കയ്യാലയിലെ തേങ്ങപോലെ’ കഴിയുന്ന ഭരണകക്ഷിയെ രക്ഷിച്ചെടുക്കാന്‍ സ്പീക്കറായ കാര്ത്തികേയന് കഴിയുന്നത്. എന്നാല്‍ പ്രതിപക്ഷത്തിനാകട്ടെ സ്പീക്കറായ കാര്‍ത്തികേയനോട് വല്ലാതൊരപ്രിയമൊന്നും ഉണ്ടായിട്ടുമില്ല.
കോണ്‍ഗ്രസ്സുകാരനായ വക്കം പുരുഷോത്തമന് സ്പീക്കറായിരുന്നപ്പോള്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടാത്ത ദിവസങ്ങളുണ്ടായിട്ടില്ലെന്നോര്ക്കണം. എന്നാല്‍ പ്രതിപക്ഷത്തിന് താക്കീത് നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു മയവുമില്ലാതെ പെരുമാറിയ കാര്‍ത്തികേയനെയും നിയമസഭ കണ്ടതുമാണ്. അതുപോലെ തന്നെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും ഒരു പിശുക്കും അദ്ദേഹം കാട്ടാറില്ല.
അംഗങ്ങള്‍ ചോദ്യം മുന്‍കൂട്ടി എഴുതിക്കൊടുത്താലും വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടി കാലങ്ങളായുള്ള സംഗതിയാണ്.
അത് പറ്റില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുന്നതില്‍ കാര്ത്തികേയന് ശ്രദ്ധിച്ചിട്ടുണ്ട്. അടുത്ത കാലത്തായി’ വിവരം ശേഖരിച്ചുവരുന്നു’ എന്ന മറുപടി ഇല്ലെന്നു തന്നെ പറയാം. വെറും വാക്ക് പയുന്ന ശീലം കാര്‍ത്തികേയനില്ല. ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹ പ്രകടനത്തിനും ജി.കാര്ത്തികേയന് മുതിരാറില്ല. കണ്ടാല്‍ പരുക്കനാണെന്ന് തോന്നാമെങ്കിലും അടുത്തറിഞ്ഞവരോട് അകമഴിഞ്ഞ് പെരുമാറുമായിരുന്നു.
നിയമസഭയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട ആഘോഷം നടന്നത് കാര്ത്തികേയന് സ്പീക്കറായിരുന്നപ്പോഴാണ്. ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകരെ ആദരിക്കാന്‍ നിശ്ചയിച്ച കാര്യം ഫോണില്‍ അറിയിച്ചതിനോടൊപ്പം ഈ ലേഖകന്‍ കത്തും കൊടുത്തയച്ചിരുന്നു. ‘ പ്രസ് ഗാലറിയിലാണെങ്കിലും നിയമസഭയിലെ ഒരേ ഒരു ബിജെപി അംഗമല്ലെ കുഞ്ഞിക്കണ്ണന്’ എന്നു പറഞ്ഞുകൊണ്ടാണ് ജി. കാര്ത്തികേയന് സംസാരം തുടങ്ങിയത്.
അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയ ശേഷം അദ്ദേഹം കൊടുത്തയച്ച ഡയറികളുടെ കൂട്ടത്തില്‍ പുതുവത്സരാശംസകള്‍ നേരുന്ന കത്തും ഉണ്ടായിരുന്നു.
രാഷ്ട്രീയ നേതാവ്, നിയമസഭാംഗം, മന്ത്രി, പ്രതിപക്ഷ ഉപനേതാവ്, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയ ജി.കാര്ത്തികേയന് എന്ന ജി.കെ. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ലൊരു മാതൃകതന്നെയാണ്. ജികെയുടെ ഓര്‍മ്മ മായാത്തതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: