ആലപ്പുഴ: കടിഞ്ഞൂല്‍ കണ്മണിയെ കാണാനുളള ആഗ്രഹം ബാക്കിവച്ച് പത്മകുമാര്‍ യാത്രയായി. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കോമന വെളിയില്‍ പത്മാകരന് പ്രസന്ന ദമ്പതികളുടെ മകന് ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ പത്മകുമാറാ (31)ണ് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ദേശീയപാതയില്‍ കാക്കാഴം മേല്‍പ്പാലത്തിനു വടക്കു ഭാഗത്തായിരുന്നു അപകടം. ഭാര്യ ആതിര ഈ മാസം 16ന് പ്രസവിക്കാനിരിക്കെയാണ് പത്മകുമാര്‍ അകാലത്തില്‍ പൊലിയുന്നത്. നാലു വര്‍ഷം മുമ്പാണ് പത്മകുമാര്‍ പോലീസില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു ആതിരയുമായുളള വിവാഹം നടന്നത്.
ഭാര്യയുടെ പ്രസവത്തിനും സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനും പങ്കെടുക്കാനാണ് പത്മകുമാര്‍ അവധിയെടുത്ത് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. സുഹൃത്ത് മനോജുമൊന്നിച്ച് ബൈക്കില്‍ യാത്രചെയ്യവെയായിരുന്നു അപകടം. സംസ്കാരം മാര്‍ച്ച് ഏഴിന് വൈകിട്ട് വീട്ടുവളപ്പില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: