സുഷുമ്നാനാഡിയുടെ വശങ്ങളില് ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികളുണ്ട്. ഇവയിലൂടെ സൂര്യചന്ദ്രന്മാര് സഞ്ചരിക്കുന്നു എന്നാണ് തന്ത്രശാസ്ത്രമതം. അവയുടെ പ്രവര്‍ത്തനം തല്ക്കാലം ചര്‍ച്ചയില്‍നിന്നു ഒഴിവാക്കാം. നട്ടെല്ലിന്റെ കീഴറ്റം അരകെട്ടിലെ അസ്ഥിയുമായി ചേരുന്നഭാഗത്ത് ത്രികോണാകൃതിയുള്ള പെട്ടിപോലെ ഉള്ളു പൊള്ളയായ ഒരു അസ്ഥിയുണ്ട്. ആ ത്രികോണാസ്ഥിക്കുള്ളില് നിന്നാണ് സുഷുമ്നാനാഡി തലച്ചോറില്‍ എത്തുന്നത്.
സുഷുമ്നാനാഡിക്കുള്ളിലായി അരകെട്ടിലുള്ള ത്രികോണാസ്ഥിക്കകത്ത് പിണ്ഡാണ്ഡത്തിന്റെ ചൈതന്യമായ പരാശക്തി താമരനൂലുപോലെ നേര്‍ത്ത ഒരു സര്‍പ്പത്തിന്റെ രൂപത്തില്‍ മൂന്നരചുറ്റായി വളഞ്ഞ് മിന്നല്‍ക്കൊടിപോലെ വെട്ടിത്തിളങ്ങികൊണ്ട് ഉറങ്ങുന്നു. ആ ഉറക്കത്തില്‍ത്തന്നെ ആ മഹാശക്തി പിണ്ഡാണ്ഡത്തിന്റെ എല്ലാഭാഗത്തും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ഉറങ്ങുന്ന കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തി മൂന്നുഗ്രന്ഥികളെയും ആറ് ആധാരങ്ങളെയും ഭേദിച്ച് സഹസ്രദള പദ്മത്തിലെത്തിച്ചാല് അത് സഹസ്രദളപദ്മത്തിലുള്ള ശിവചൈതന്യമായി ചേരും. ശിവശക്തി സംയോഗത്തില്നിന്നുണ്ടാകുന്ന അമൃതസ്യന്ദം ശരീരത്തിലെ എല്ലാ നാഡികളിലും എത്തുമ്പോള്‍ സാധകന് ചിദാനന്ദത്തില്‍ മുഴുകും.
കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുവരുന്ന നാമങ്ങളുടെ വ്യാഖ്യാനത്തില്‍ വായിക്കുക.
292. പിണ്ഡാണ്ഡപരിവൃദ്ധിദാ – പിണ്ഡാണ്ഡത്തെ പോഷിപ്പിക്കുന്നവള്‍. പിണ്ഡാണ്ഡം ശരീരത്തെ കുറിക്കുന്ന സാങ്കേതികപദമാണെന്നു മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു.
പഞ്ചഭൂതങ്ങളുടെ പിണ്ഡീകരണത്തിലുണ്ടാകുന്ന ശരീരം നിലനില്ക്കുന്നതും വളരുന്നതും കുണ്ഡലിനിയുടെ സംരക്ഷണയിലാണ്. ബാഹ്യമോ ആഭ്യന്തരമോ ആയ ആപത്തുകളില്‍നിന്ന് പിണ്ഡാണ്ഡത്തെ കുണ്ഡലിനീരൂപമായ മഹാദേവി രക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: