കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് നേരെ വധശ്രമം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. സഹോദരീ ഭര്‍ത്താവ് ഗായകന്‍ മധു ബാലകൃഷ്ണനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഒത്തുകളി വിവാദത്തില്‍ കുടുങ്ങി തിഹാര്‍ ജയിലില്‍ കഴിയവേയാണ് വധശ്രമമുണ്ടായത്. കൂര്‍ത്ത മുനയുള്ള വാതിലിന്റെ കൊളുത്ത് ഉപയോഗിച്ച് കുത്തിക്കൊല്ലാനായിരുന്നു ശ്രമം. പിന്നില്‍ നിന്നായിരുന്നു ആക്രമണം.
ജയിലിനുള്ളില്‍ തടവുകാരനായിരുന്ന ഒരാള്‍ തന്നെയാണ് ആക്രമണം നടത്തിയത്. ശ്രീശാന്ത് ഒഴിഞ്ഞുമാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് ഗുരുതരമായ പരിക്ക് പറ്റി. ഐപിഎല്‍ ഒത്തുകളി സംഘമാണ് വധ ശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതിന് തെളിവൊന്നുമില്ല.
സുനന്ദ പുഷ്‌കറിന്റ കൊലക്ക് പിന്നിലും ഐപിഎല്‍ സംഘമാണെന്ന് വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തു പറയുന്നത്. ശ്രീശാന്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും മധു പറഞ്ഞു. 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. സെപ്തംബറില്‍ ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ജയിലിനുള്ളിലും പോലീസ് കസ്റ്റഡിയിലും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റതായി ശ്രീശാന്ത് പറഞ്ഞുവെന്നും മധു ബാലകൃഷ്ണന്‍ വ്യക്തമാക്കി.
















