പാലാ: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങിയ മദ്യം മറ്റു കുപ്പികളിലാക്കി ചില്ലറ വ്യാപാരം നടത്തിയ മധ്യവയസ്‌കന്‍ പിടിയിലായി. കിടങ്ങൂര്‍ അകലകുന്നം പട്ട്യാലിമറ്റത്ത് ജയിംസ് (59) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു മുന്‍പില്‍ വച്ചാണ് മദ്യകുപ്പികള്‍ അവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.
ഹോട്ടലിനു മുന്‍പില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന കാറിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തിനു ലഭിച്ച വിവരത്തെ തുടര്‍ന്നു തന്ത്രപൂര്‍വമമായാണ് ജയിംസിനെ കുടുക്കിയത്. കാറില്‍ നിന്നു 200 മില്ലി ലിറ്ററിന്റെ വിവിധ കുപ്പികളിലായി എട്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കൂടാതെ കുപ്പി വിറ്റഴിച്ച വകയിലുള്ള 1590 രൂപയും കണ്ടെടുത്തിട്ടുണ്ട്. 200 മില്ലി മദ്യം നിറച്ചു വച്ചിരുന്ന 13 കുപ്പികള്‍, രണ്ടു ലിറ്റര്‍, ഒന്നര ലിറ്റര്‍ വീതം കൊള്ളുന്ന മറ്റു കുപ്പികള്‍ നിറച്ച മദ്യം, രണ്ടു ലിറ്ററിന്റെ ജവാന്‍ മദ്യം നിറച്ച രണ്ടു കുപ്പികള്‍ എന്നിയാണ് പിടിച്ചെടുത്തത്.
പാലാ എക്‌സൈസ് സിഐ ബി. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കിടങ്ങൂര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പൂട്ടിയതോടെയാണ് ചില്ലറ വില്‍പ്പന ജയിംസ് വിപുലീകരിച്ചതെന്നും ഇയാള്‍ മുന്‍പും അബ്കാരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു വില്‍പ്പന. റെയ്ഡിനു അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വൈ. ചെറിയാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, സ്റ്റാലിന്‍ ചാക്കോ, മാമ്മന്‍ ശമുവേല്‍, ജോബി അഗസ്റ്റ്യന്‍, ഹരീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















