276. നാനാമന്ത്രാത്മികാ ഗുപ്താ: – പല മന്ത്രങ്ങളുടെ രൂപത്തില്‍ മറഞ്ഞിരിക്കുന്നവള്‍. ഏതു ദേവനെക്കുറിച്ചുള്ള മന്ത്രമായാലും ആ മന്ത്രത്തില്‍ മറഞ്ഞിരിക്കുന്ന ചൈതന്യം ദേവിതന്നെയാണ്. മന്ത്രങ്ങളെ ദേവിയുടെ ശബ്ദരൂപം എന്നു പറയാം. എല്ലാ ദേവന്മാരും പരാശക്തിയായ ദേവിയുടെ വിഭൂതികളുടെ അല്പാംശങ്ങളാകയാല് മന്ത്രങ്ങള്‍ ആ ചൈതന്യത്തിന്റെ ഉച്ചരിതരൂപങ്ങളാണ്.
മന്ത്രങ്ങളില്‍ പലതും ഗുരുപരമ്പരയിലൂടെ മാത്രം പ്രചരിക്കുന്നവയാകയാല് അത്തരം മന്ത്രങ്ങളെ ഗുപ്തമന്ത്രങ്ങളെന്നു പറയും. ഗുപ്തമന്ത്രങ്ങളായും ഗുപ്തമല്ലാത്ത മന്ത്രങ്ങളായും വര്‍ത്തിക്കുന്നവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.
277. വേദതാത്പര്യഭൂമികാ: – വേദാര്‍ത്ഥത്തിനു ഭൂമികയായവള്. പദങ്ങളുടെ അര്‍ത്ഥം അന്വയിച്ചാല്‍ വേദാര്‍ത്ഥം അറിയാനാകുകയില്ല. അതിന് ആമുഖമായി ദേവിയുടെ കാരുണ്യം വേണം. പ്രാപ്തനായ ഗുരുവിന്റെ രൂപത്തിലോ ഗുരുവിന്റെ സഹായം കൂടാതെയോ ദേവീകാരുണ്യത്തിനു പാത്രമായാല്‍ വേദാര്‍ത്ഥം മനസ്സില്‍ തെളിയും.
ഭൂമികാ എന്ന പദത്തിന് ദേവവിഗ്രഹത്തിലും മറ്റും അണിയിക്കുന്ന അലങ്കാരം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ വേദാര്‍ത്ഥത്തിന്റെ അലങ്കാരം ദേവിയാണെന്നു വ്യാഖ്യാനിക്കാം.
278. കൃഷ്ണപ്രിയാ: – കൃഷ്ണനു പ്രിയപ്പെട്ടവള്‍. കൃഷ്ണനെ പ്രിയമുള്ളവള്‍ എന്നും ശ്രീകൃഷ്ണാവതാരത്തില്‍ യശോദയുടെ ഗര്‍ഭത്തില്‍ പിറന്ന ദേവി ദേവകിയുടെ കാരാഗ്രൃഹത്തില് ശിശുരൂപത്തില്‍ എത്തിയതും ദേവകിയുടെ പുത്രന് യശോദയുടെ പുത്രനായി വളര്‍ന്നതും പുരാണ പ്രസിദ്ധം. കൃഷ്ണനെ കംസനില്‍ നിന്നും രക്ഷിക്കാനായിരുന്നു ശിശുക്കളുടെ മാറ്റം. വിന്ധ്യാവാസിനിയായി ലോകത്തെ അനുഗ്രഹിച്ച ദേവി ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം വരെ ഭഗവാനെ രക്ഷിച്ചു.
ഗോലോകത്തില്‍ പ്രകാശനിര്‍മ്മിതമായ ദിവ്യസൗധത്തില് ബ്രഹ്മവിഷ്ണു രുദ്രാദികളാല് സേവിക്കപ്പെടുന്നവനായി വിരാജിക്കുന്ന കൃഷ്ണന്റെ പ്രിയപത്നിയായി സര്‍വാതീതയായ ശക്തിയായി ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നിര്‍വഹിക്കുന്ന രാധാദേവിയുടെ ഭൂലോകമൂര്ത്തിയാണു മൂകാംബികാദേവി എന്നും വ്യാഖ്യാനിക്കാം.
279. കൃഷ്ണരൂപാ: – കൃഷ്ണനായി രൂപം ധരിച്ചവള്‍. കൃഷ്ണന് ദേവിയുടെ പല രൂപങ്ങളില്‍ ഒന്നാണെന്നു ശാക്തേയതന്ത്രങ്ങള്‍. വൃന്ദാവനത്തില്‍ മുരളീഗാനംകൊണ്ടു ലോകത്തെ ആനന്ദിപ്പിച്ച കൃഷ്ണവര്‍ണ്ണനായ ബാലകനായി രൂപംപൂണ്ട കാളീദേവിയെ സ്തുതിക്കുന്ന ധ്യാനശ്ലോകങ്ങളും മന്ത്രങ്ങളും ശാക്തേയ തന്ത്രങ്ങളിലുണ്ട്.
280. കൃഷ്ണദൈ്വപായനസ്തുതാ: – വേദവ്യാസന്റെ ഒരു ഗുണനാമമാണ് കൃഷ്ണദൈ്വപായനന്‍. കറുത്തനിറമുള്ളതുകൊണ്ടു കൃഷ്ണന്. ദ്വീപില്‍ ജനിച്ചതുകൊണ്ട് ദൈ്വപായനന് വേദവ്യാസനാല്‍ സ്തുതിക്കപ്പെട്ടതുകൊണ്ട് ‘കൃഷ്ണദൈ്വപായനസ്തുതു’ എന്നു നാമം. ദേവീഭാഗവതംപോലെ പല കൃതികള്‍ ദേവിസ്തുതിപരമായി വേദവ്യാസന് രചിച്ചിട്ടുണ്ട്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: