നാം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്, നമ്മുടെ സ്വാധീനത ഏറ്റവും ചെലുത്തപ്പെടുന്നത്, നമുക്ക് അഹന്ത തീരെ ഇല്ലാത്തപ്പോഴാണ്. വലിയ പ്രതിഭാശാലികള്‍ക്കെല്ലാം ഇതറിയാം. ആ ഒരു ദിവ്യനടന്നായി നമ്മെ തുറന്നിടുക; അവിടുന്നു നടനം ചെയ്യട്ടെ; നാമായി ഒന്നും ചെയ്യേണ്ട.
‘അര്‍ജ്ജുന, എനിക്കീ ലോകത്തിലൊന്നും ചെയ്‌വാനില്ല’ എന്ന് ശ്രീകൃഷ്ണന്‍ പറയുന്നു. എന്തും വന്നുകൊള്ളട്ടെ എന്നു തികച്ചും ഉറപ്പിച്ച് അവ്യഗ്രന്#ാവുക. അപ്പോഴേ ശരിയായ വല്ല കര്‍മ്മവും ചെയ്യാന്‍ കഴിയൂ. വാസ്തവത്തിലുള്ള ശക്തികളെ കണ്ണിനു കാണാന്‍ വയ്യ; ഫലമേ നമുക്കു കാണാനാവൂ. അഹന്തയെ കെടുത്തുക, അതു പൊയ്‌ക്കോട്ടെ; അതിനെ മറക്കുക. ഈശ്വരന്‍ പ്രവര്‍ത്തിച്ചോട്ടെ, അതവിടുത്തെ കൃത്യമാണ്. മാറിനില്‍ക്കുകയല്ലാതെ നമുക്കൊന്നും ചെയ്യേണ്ടതില്ല, ഈശ്വരന്‍ പ്രവര്‍ത്തിച്ചോട്ടെ.
നാം എത്രയ്‌ക്കു പുറത്തുപോകുന്നുവോ അത്രയ്‌ക്കു ഈശ്വരന്‍ അകത്തുവരുന്നു. ക്ഷുദ്രാഹന്തയെ നശിപ്പിക്കുക. പൂര്‍ണ്ണാഹന്തമാത്രം വര്‍ത്തിക്കട്ടെ.
നമ്മുടെ ചിന്തയുടെ സന്താനങ്ങളാണ് നാം; അതുകൊണ്ട് നിങ്ങളെന്താണ് ചിന്തിക്കുന്നതെന്നു സൂക്ഷിച്ചുകൊള്ളണം. വാക്കുകള്‍ അപ്രധാനങ്ങള്‍; ചിന്തകള്‍ ജീവിക്കുന്നു, അവ സുദൂരം സഞ്ചരിക്കുന്നു. നമ്മുടെ ഓരോ ചിന്തയിലും നമ്മുടെ സ്വഭാവത്തിന്റെ നിറം കലര്‍ന്നിരിക്കും; അങ്ങനെ, നിര്‍മ്മലനും പരിശുദ്ധനുമായ മനുഷ്യന്റെ നേരമ്പോക്കുകള്‍ക്കും ശകാരങ്ങള്‍ക്കുംപോലും അദ്ദേഹത്തിന്റെ പ്രേമത്തിന്റെയും പവിത്രതയുടെയും വാസനയുണ്ടായിരിക്കും; അവ ഉപകാരവും ചെയ്യും.
















