252 . നരനാരായണാസേവ്യാ – നരനാരായണന്മാരാല്‍ സേവിക്കപ്പെട്ടവള്‍. നരനും നാരായണനും വിഷ്ണുവിന്റെ അംശഭൂതരായ രണ്ടു മഹര്‍ഷിമാരായിരുന്നു. അവര്‍ ദേവിയെ ആരാധിച്ചിരുന്നു.
253 . ഉര്‍വശീ ജന്മകാരിണീ – ഉര്‍വശിയുടെ ജന്മത്തിനു കാരണമായവള്‍. നരനാരായണന്മാര്‍ ബദരികാശ്രമത്തില്‍ തപസ്സു ചെയ്യുമ്പോള്‍ തപസ്സു മുടക്കാനായി ഇന്ദ്രന്‍ സുന്ദരിമാരായ ദേവസ്ത്രീകളെ നിയോഗിച്ചു. അവരുടെ പാട്ടും ആട്ടവും ശൃംഗാരഭാവങ്ങളും നരനാരായണന്മാര്‍ക്കു നേരമ്പോക്കായേ തോന്നിയുള്ളൂ. അവരുടെ സൗന്ദര്യഗര്‍വം ശമിപ്പിക്കാനായി നാരായണ ഋഷി തന്റെ തുടയില്‍ കൈകൊണ്ടു തട്ടി അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ചു. ഊരുവില്‍നിന്നുണ്ടായതിനാല്‍ അവള്‍ക്ക് ഉര്‍വശി എന്നു പേര്. ഉര്‍വശിയുടെ സൗന്ദര്യം കണ്ട് ദേവസ്ത്രീകള്‍ ലജ്ജിച്ചു. ത്രിപുരസുന്ദരിയായ ദേവിയുടെ കാരുണ്യംകൊണ്ടാണ് ഉര്‍വശിയെ സൃഷ്ടിക്കാന്‍ നാരായണ മഹര്‍ഷിക്കു കഴിഞ്ഞത്.
254 . ആബ്രഹ്മകീടജനനീ – ബ്രഹ്മാവു തൊട്ടു കീടങ്ങള്‍വരെയുള്ള എല്ലാത്തിനും ജന്മം കൊടുത്ത അമ്മ. ജന്മം കൊടുത്തവള്‍ മാത്രമല്ല വാത്സല്യത്തോടെ പരിപാലിക്കുന്നവളുമാണ് ജഗജ്ജനനിയും ജഗദ്ധാത്രിയുമായ മൂകാംബിക.
255 . വേദവേദാന്തസംസ്തുതാ – വേദങ്ങളാലും വേദാന്തങ്ങളാലും സ്തുതിക്കപ്പെടുന്നവള്‍. ദേവിയുടെ വിഭൂതികളുടെ അല്പാംശങ്ങളാണ് വേദോപനിഷത്തുകള്‍ ചര്‍ച്ച ചെയ്യുന്നത്.
…. തുടരും
















