വേദാന്തം പഠിക്കുന്നതു നല്ലതാണ്. വളരെ വേഗം ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം തെളിഞ്ഞു കിട്ടും. ഈശ്വരന്‍ വളരെ അടുത്താണ്, തന്നില്‍ത്തന്നെയാണ് എന്ന് അവര്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ഇന്നു പലരും വേദാന്തം വെറും പറച്ചിലില്‍ മാത്രം ഒതുക്കുന്നു; അതവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നില്ല.
തലയില്‍ ചുമക്കാനുള്ള ഭാരമല്ല; മനസ്സിനു പരിശീലിക്കാനുള്ള തത്ത്വമാണു വേദാന്തം. ഇതറിയാത്തതുകൊണ്ടു പലരും അഹങ്കാരികളായി മാറുന്നു. വേദാന്തം ശരിയായി മനസ്സിലാക്കുംതോറും ഒരുവനില്‍ വിനയം സ്വാഭാവികമായും വരും. താന്‍ ഈശ്വരസ്വരൂപം തന്നെയാണെന്നു അറിയാന്‍ വേദാന്തം സഹായിക്കും. പക്ഷേ, അത് അനുഭവത്തില്‍ വരുത്തണമെങ്കില്‍ വേദാന്തതത്ത്വങ്ങളനുസരിച്ചു ജീവിക്കുവാന്‍ നാം തയ്യാറാകണം.
















