അഡ്‌ലെയ്ഡ്: ഇന്ത്യന്‍ സിനിമയിലെ മഹാവിസ്മയം അമിതാഭ് ബച്ചന് ഇന്നലെ അരങ്ങേറ്റമായിരുന്നു, കമന്റേറ്ററുടെ വേഷത്തില്‍. വെള്ളിത്തിരയ്‌ക്കു പുറത്തു ലഭിച്ച പുതിയ റോള്‍ ബിഗ് ബി അത്യന്തം ഭംഗിയാക്കുകയും ചെയ്തു. ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സര വിവരണത്തിനാണ് അമിതാഭ് എത്തിയത്.
കളിക്കു മുന്‍പുള്ള ചാറ്റ് ഷോയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനും പാക് പേസര്‍ ഷൊയ്ബ് അക്തറിനുമൊപ്പം സാധ്യതകള്‍ വിശകലനം ചെയ്ത അമിതാഭിന് കൂട്ടായി പിന്നീട് ആകാശ് ചോപ്രയും വന്നു.
ഫീല്‍ഡ് സെറ്റിങ്ങിനെ കുറിച്ചും ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടുമ്പോള്‍ ശിഖര്‍ ധവാന്റെ ടെക്‌നിക്കിനെപ്പറ്റിയുമൊക്കെ സീനിയര്‍ ബച്ചന്‍ കണിശതയുള്ള വിലയിരുത്തലുകള്‍ നടത്തി.
കളി ആരംഭിച്ചപ്പോള്‍ ഹിന്ദി ബോക്‌സില്‍ രാഹുല്‍ ദ്രാവിഡും അരുണ്‍ലാലും അദ്ദേഹത്തിനൊപ്പം ടേബിള്‍ പങ്കിട്ടു. ധവാന്റെ സിക്‌സറും രോഹിത് ശര്‍മ്മയുടെ പുറത്താകലുമൊക്കെ കണ്ടശേഷമായിരുന്നു അമിതാഭ് കമന്ററി ബോക്‌സിനോട് വിടപറഞ്ഞത്.
















