അഡ്ലെയ്ഡ്: ഇന്ത്യ- പാക് അങ്കത്തിന് വേദിയായ അഡ്ലെയ്ഡ് നഗരത്തില്‍ ഇന്നലെ ഇന്ത്യന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. ടീം ഇന്ത്യയുടെ ജഴ്സിയണിഞ്ഞവര്‍ നിറഞ്ഞപ്പോള്‍ നഗരവും ഗാലറിയും നീലക്കടലായി. 53,000 കപ്പാസിറ്റിയുള്ള അഡ്ലെയ്ഡ് ഓവലില്‍ കളികണ്ട് ആര്‍ത്തുവിളിച്ചവരില്‍ 35000 പേരും ഇന്ത്യക്കാര്‍. വാംഖഡെയിലോ ഈഡന് ഗാര്‍ഡനിലോ എത്തിപ്പെട്ടതുപോലെ തോന്നി ഏവര്‍ക്കും. ആ ജനസാഗരത്തില്‍ പച്ചപ്പൊട്ടുകള്‍പോലെ എണ്ണത്തില്‍ കുറഞ്ഞ പാക് പിന്തുണക്കാര്.
ആകാംഷയോടെ കാത്തിരുന്ന കളിയെ ഇന്ത്യക്കാര്‍ ശരിക്കും ആഘോഷമാക്കിയെന്നു പറയാം. മത്സരത്തലേന്ന് രാത്രി നഗര ഹൃദയത്തിലെ ഹിന്ദ്ലി തെരുവില്‍ ഒത്തുകൂടിയ ഇന്ത്യന്‍ കളി പ്രേമികള്‍ പുലരുവോളം ആഘോഷത്തിമിര്‍പ്പില്‍ ആറാടി. ഇന്നലെ രാവിലെ അഡ്ലെയ്ഡിലെ വാര് മെമ്മോറിയല്‍ ഡ്രൈവിലും സമാന ദൃശ്യങ്ങള്‍ പുനാരാവിഷ്കരിക്കപ്പെട്ടു. സകലയിടങ്ങളിലും വന്ദേമാതരവും ‘ചക് ദേ ഇന്ത്യ’യുമൊക്കെ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.
















