അഹമ്മദാബാദ്: ടീസ്റ്റ സെതല്‍വാദും ഭര്‍ത്താവും നടത്തുന്ന രണ്ടു ട്രസ്റ്റുകളായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ്, സബ്രങ്ഗ് ട്രസ്റ്റ് എന്നിവയെക്കുറിച്ച് ഹൈക്കോടതി ജസ്റ്റീസ് ജെ.ബി. പര്‍ദിവാല പറഞ്ഞു, അതൊരു വണ്‍ വുമണ്‍ ആന്‍ഡ് വണ്‍ മാന്‍ ഷോ ആണ്. സെതല്‍വാദിന്റെ ഈ പ്രവൃത്തി മുഴുവന്‍ എന്‍ജിഒകളുടെയും പ്രതിച്ഛായക്കു കളങ്കമേല്‍പ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
മേല്‍ക്കോടതിയില്‍ നിന്ന് ടീസ്റ്റ സെതല്‍വാദിന് ചില താല്‍ക്കാലികാശ്വാസങ്ങള്‍ കിട്ടിയേക്കാം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നിയമം ഉപദേശിക്കാന്‍ കൂട്ടുകച്ചവടക്കാര്‍ ഏറെ ഉണ്ടാകാം. പക്ഷേ, അഹമ്മദാബാദിന്റെ ഗുജറാത്ത് ഹൈക്കോടതി സാമൂഹ്യ പ്രവര്‍ത്തകയുടെ മേലങ്കിയണിഞ്ഞ ടീസ്റ്റയുടെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കു നല്കിയ ‘സമ്മതപത്രം’ ഒരിടത്തും അവര്‍ക്കു ഭൂഷണമാകുന്നില്ല.
ഗുല്‍ബര്‍ഗ് സൊസൈറ്റി ഫണ്ടുതിരിമറി നടത്തിയ കേസില്‍ കുടുങ്ങുമെന്നുറപ്പായപ്പോഴാണ് ടീസ്റ്റയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ദമ്പതികളുടെ തട്ടിപ്പിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു ബോധ്യപ്പെട്ട ജസ്റ്റീസ് പറഞ്ഞു,”ലഭിച്ച ബഹുമതികളും മെഡലുകളും നോക്കുമ്പോള്‍ യാഥാര്‍ത്ഥ്യം പക്ഷേ കാണാതെ പോകരുത്.
ട്രസ്റ്റിലെ മറ്റു പ്രമുഖരുടെ കാര്യം പരിഗണിക്കുമ്പോള്‍ ഈ രണ്ടു ട്രസ്റ്റുകളും ഒരു സ്ത്രീയും പുരുഷനും നടത്തുന്ന ഒറ്റയാള്‍ പരിപാടികളാണ് എന്നു മാത്രമേ എനിക്കു പറയാനുള്ളു.
മറ്റു ട്രസ്റ്റികളുടെ കാര്യം പരിഗണിച്ചാല്‍ അവര്‍ക്ക് ഈ ട്രസ്റ്റുകളുടെ പ്രവര്‍ത്തനം എന്താണെന്ന് അറിയാമോ എന്നെനിക്കു സംശയമുണ്ട്. അവര്‍ അറിയാതെ അവരുടെ പേരുകള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടതാകാം, പക്ഷേ അവരും ഒരു ദിവസം പ്രതിസന്ധിയില്‍ കുടുങ്ങും.” ഗുജറാത്തിലെ കലാപത്തിനിരയായവര്‍ക്കു വേണ്ടി പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്ന് കണ്ടെത്തിയ കോടതിയുടെ കര്‍ശന വിമര്‍ശനം ഇങ്ങനെയായിരുന്നു.
കോടതി ഇങ്ങനെ നിരീക്ഷിച്ചു, ”മറ്റൊരാളുടെ സന്തോഷവും സങ്കടവും സ്വന്തമെന്നു കരുതുന്നവരേ യഥാര്‍ത്ഥത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാകൂ.” ടീസ്റ്റ ദുരിതബാധിതരുടെ പേരില്‍ പിരിച്ചെടുത്ത പണം സ്വന്തം ആഡംബരച്ചെലവിനു വിനിയോഗിച്ചതു മുന്‍ നിര്‍ത്തി കോടതി പറഞ്ഞു. സെതല്‍വാദിന്റെ ഈ പ്രവൃത്തി മുഴുവന്‍ എന്‍ജിഒകളുടെയും പ്രതിച്ഛായക്കു കളങ്കമേല്‍പ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. (ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ പ്രത്യേക കോളത്തില്‍ വായിക്കാം)
”പരിഷ്കൃത സമൂഹത്തിന് നിയന്ത്രണമില്ലാത്ത പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നത് നല്ലകാര്യമാണ്, പക്ഷേ അധികമായ ആ സ്വാതന്ത്ര്യം ചില വിഭാഗങ്ങളോ വ്യക്തികളോ ദുരുപയോഗം ചെയ്യുകയും സ്വയം എന്‍ജിഒകള്‍ എന്നു വിളിക്കുകയും ചെയ്യുമ്പോള്‍ അത് പരിഷ്കൃത സമൂഹത്തിന് മുഴുവന്‍ ചീത്തപ്പേരുണ്ടാക്കും,” കോടതി പറഞ്ഞു. ഇതുമൂലം യഥാര്‍ത്ഥ എന്‍ജിഒകള്‍ക്കും വിവിധ ധനസഹായങ്ങള്‍ കിട്ടാന്‍ തടസമുണ്ടാകുകയും അത് ദരിദ്രര്‍ക്കും സഹായമാവശ്യമുള്ളവര്ക്കും ദോഷകരമായിത്തീരുകയും ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തട്ടിയത് 7 കോടി
ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന്, പിടിച്ചെടുത്ത് തട്ടിയത് 7 കോടി രൂപയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടിയെ അറിയിച്ചു. ഈ പണം വിദേശ യാത്രയ്ക്കും ആഡംബര വസ്തുക്കള്‍ വാങ്ങാനുമടക്കം ദുരുപയോഗം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ പറഞ്ഞു.
കേസിന്റെ വാദത്തിനിടെ മുന്‍സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്സിംഗ്, പത്തു ലക്ഷത്തിന്റെ കോട്ട് അണിയുന്നവര്‍ എന്ന് പറയാന്‍ തുടങ്ങിയയുടന്‍ കോടതി അവരെ താക്കീത് ചെയ്തു. ദയവായി മാന്യത പാലിക്കണം. കോടതി പറഞ്ഞു.
കോടതി പറഞ്ഞത്
ട്രസ്റ്റിന്റെ പേരില്‍ പിരിച്ച ഫണ്ട് തട്ടിച്ച കേസില്‍ പ്രതിയായ ടീസ്റ്റാ സെതല്‍വാദിന്റെയും ഭാര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ജെ. ബി. പര്‍ദിവാല നടത്തിയ നിരീക്ഷണങ്ങള്‍ ഇവയാണ്:-
”ഇത്തരം സാഹചര്യങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ എന്‍ജിഒകള്‍ക്ക് ദോഷകരമാകുകയും എന്‍ജിഒകളില്‍ പൊതുവേ വിശ്വാസമില്ലാതാക്കുകയും ചെയ്യും. ഇതുമൂലം ധനസാഹയങ്ങള് പലതും നിന്നു പോകും, അര്‍ഹതപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും കിട്ടാതാക്കും.”
”പൊതുജനതാല്പര്യം മുന്‍നിര്‍ത്തി നടത്തിയ അന്വേഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നത് പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പണം അവിഹിതമായി കൈയടക്കിയെന്നാണ്.”
”ഇത്തരം കേസുകളില്‍ സംശയിക്കപ്പെടുന്നവരെ എത്രയും വേഗം ചോദ്യം ചെയ്യാനായാല്‍ അവര്‍ ഏറെ പ്രയോജനപ്രദമായ തെളിവുകളും വിവരങ്ങളും ഇല്ലാതാക്കുന്നതു തടയാനാവും.”
”ഈ ജാമ്യാപേക്ഷകര്‍ (ടീസ്റ്റ സെതല്‍വാദും ഭര്‍ത്താവും) ചെലുത്തുന്ന സമ്മര്‍ദ്ദവും സ്വാധീനവും മൂലം മുംബൈയിലുള്ള ഓഡിറ്റര്‍മാരും കേസ് അന്വേഷിക്കുന്ന ഏജന്‍സികളോട് വേണ്ടത്ര സഹകരിക്കുന്നുണ്ടാവില്ല.”
ട്രസ്റ്റുകളുടെ പണം ധൂര്ത്തടിച്ചതിങ്ങനെ
നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത എന്‍ജിഒകളുടെ പണം അപഹരിച്ച് ടീസ്റ്റ വാങ്ങിക്കൂട്ടിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്.
1. മുംബൈയിലെ ശിവാസ് ഹെയര്‍ ഡിസൈനേഴ്സ്, ദല്‍ഹിയിലെ ഗീതാഞ്ജലി സലൂണ്‍, ബോഡി ഷോപ് എന്നിവിടങ്ങളില്‍ സൗന്ദര്യവര്‍ദ്ധനത്തിനും സംരക്ഷണത്തിനുമായി ചെലവഴിച്ച തുകകള്‍ക്ക് ട്രസ്റ്റിന്റെ ചെക്കാണു കൊടുത്തത്.
2. ഫാബ് ഇന്ത്യ, വെസ്റ്റ് സൈഡ്, പാന്റലൂണ്‍സ്, ഷോപ്പര്‍ സ്റ്റോപ്, യുണൈറ്റഡ് കളര്‍ ഓഫ് ബനറ്റണ് (റോം), ഇസ്ലാമാബാദിലെ ഖാദി, മാര്‍ക്സ്, സ്പെന്‍സര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ആഡംബര വസ്ത്രങ്ങള്‍ വാങ്ങിയതും ട്രസ്റ്റുകളുടെ ചെക്കുപയോഗിച്ചാണ്.
3. ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവകളില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപ്പിങ്, ഗൂഗിളില്‍ മെയിലില്‍ സ്പേസ് വാങ്ങാന്‍ ഉപയോഗിച്ച ഡെബിറ്റ് കാര്‍ഡ് ട്രസ്റ്റിന്റേതായിരുന്നു.
4. ഹോട്ടല്‍ താജ്, ഔട്ട് ഓഫ് ബ്ലൂ, ലിറ്റില്‍ ഇറ്റലി, കഫേ ലീപോള്‍ഡ്, റേയ് കഫേ ആന്‍ഡ് പിസേറിയ (മുംബൈ) തുടങ്ങിയ പഞ്ചനക്ഷത്ര പദവിയിലുള്ള ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ചതിന്റെ ബില്ലുകള്‍ കൊടുത്തത് ട്രസ്റ്റിന്റെ പണമാണ്.
5. ബോസ് കോര്‍പ്പറേഷനില്‍ നിന്ന് വമ്പിച്ച വിലയുടെ മ്യൂസിക് സിസ്റ്റം, മ്യൂസിക്-മൂവി സിസ്റ്റം ആപ്പിള്‍ ഐ ട്യൂണില്‍ നിന്ന് വാങ്ങിയത് എല്ലാം ട്രസ്റ്റിന്റെ പണം വിനിയോഗിച്ചാണ്.
6. അമര്‍പാല്‍ ജൂവല്‍സില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍, വില കൂടിയ വാച്ചുകള്‍, സ്യൂട്ട്കേസ്, ഹെല്‍ത്ത് ഉപകരണങ്ങള്‍, ഗിഫ്റ്റ് വസ്തുക്കള്‍ എന്നിവയും വാങ്ങിയത് ട്രസ്റ്റിന്റെ പണം ഉപയോഗിച്ചാണ്.
ടീസ്റ്റക്കെതിരെയുള്ള കേസുകള്‍
പണ്ഡര്വാഡാ ശ്മശാനക്കേസ്
ടീസ്റ്റയുടെ മുന്‍ സഹായി റയിസ് ഖാന് കോടതിയില്‍ വെളിപ്പെടുത്തിയതു പ്രകാരം ചട്ടവിരുദ്ധമായി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ശവക്കുഴി തോണ്ടി മൃതദേഹങ്ങള്‍ പുറത്തെടുത്തത് ടീസ്റ്റയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഈ കേസില്‍ സെതല്‍വാദ് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.
വ്യാജ സത്യവാങ്മൂലം
നരോദാ ഗാം കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിനെതിരേ സാക്ഷികള്‍ക്കു വേണ്ടി കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്കിയ കേസ്.
മാനനഷ്ടക്കേസ്
ഒരിക്കല്‍ അടുത്ത സുഹൃത്തായിരുന്ന റയിസ് ഖാന് 2012-ല്‍ ടീസ്റ്റയ്ക്കും ഭര്‍ത്താവ് ജാവേദിനും മറ്റുമെതിരേ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് കോടതി സെതല്‍വാദിനെതിരേ ഫണ്ട് ദുരുപയോഗം അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഗുല്‍ബര്‍ഗ് ഫണ്ട് കേസ്
റസിഡന്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ഫിറോസ് ഖാന് പതാന്‍ 2014 ജനുവരി 4-ന് കൊടുത്ത പരാതിയില്‍ ക്രൈം ബ്രാഞ്ച് ഫയല്‍ചെയ്ത വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസ്.
ട്വിറ്റര്‍ കമന്റിനെതിരെ
ഹിന്ദുദൈവങ്ങളെ ഐസിസ് ഭീകരരുമായി താരതമ്യം ചെയ്ത് ട്വിറ്ററില്‍ പോസ്റ്റിട്ടതിനെതിരേയുള്ള രണ്ടു കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: