ഒരാളിന് അതിയായ ദാഹം. കുടിക്കുവാന്‍ വെള്ളമില്ല. ആരോ പറഞ്ഞുകൊടുത്തു, ‘ഈസ്ഥലത്തു കുഴിച്ചാല്‍ വേഗം വെള്ളം കിട്ടും’. അയാള്‍ അവിടെ കുറച്ചു കുഴിച്ചു നോക്കി. വെള്ളം കണ്ടില്ല. അതിനടുത്തു വീണ്ടും ഒന്നുകൂടി കുഴിച്ചു നോക്കി. വെള്ളം കിട്ടിയില്ല. കുറച്ചുകൂടി മാറി വീണ്ടും കുഴിച്ചു. വെള്ളമില്ല. ഇങ്ങനെ പല സ്ഥലത്തു വെള്ളത്തിനുവേണ്ടി കുഴിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല.
അയാള്‍ തളര്‍ന്നുവീണു അതുവഴി വന്ന ഒരാള്‍ തളര്‍ന്നു കിടക്കുന്ന മനുഷ്യനെക്കണ്ടു കാരണം അനേ്വഷിച്ചു. അയാള്‍ പറഞ്ഞു, ”ഞാന്‍ വെള്ളത്തിനുവേണ്ടി കുഴിച്ചു കുഴിച്ചു കുഴഞ്ഞു. ഇപ്പോള്‍ ഇരട്ടിക്കു ദുഃഖമായി. ആദ്യം വെള്ളം കിട്ടിയില്ല എന്ന ദുഃഖമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുഴി കുത്തി അത്രയും ശക്തി കൂടി നഷ്ടപ്പെടുത്തി. ക്ഷീണവും കൂടി.
വഴിപോക്കന്‍ പറഞ്ഞു, ”നിങ്ങള്‍ കുറച്ചുകൂടി ക്ഷമിച്ചു കുറെ താഴത്തേക്കു കുഴിച്ചിരുന്നുവെങ്കില്‍ ആവശ്യത്തിനും അതിലധികവും വെള്ളം കിട്ടുമായിരുന്നുവല്ലോ. അതിനുപകരം നിങ്ങള്‍ പല സ്ഥലത്ത് അല്പാല്പം കുഴിച്ചുനോക്കി. ഫലമോ, നിരാശമാത്രം. ഇതുപോലെയാണ് മാറിമാറി ഓരോ ദൈവത്തെ വിളിച്ചാലുള്ള അനുഭവം. പ്രയോജനം കിട്ടില്ല. എല്ലാം ഒന്നെന്നു കണ്ടുവിളിച്ചാല്‍ പ്രശ്‌നമില്ല. മാറിമാറി രൂപത്തെ വ്യത്യസ്തപ്പെടുത്തുന്നതാണ് കഷ്ടം.
















