കണ്ണൂര്‍: ദേശീയ ഗെയിംസ് ബാസ്‌ക്കറ്റ്‌ബോളില്‍ ഫൈനലിലേക്ക് കുതിച്ച് കേരള വനിതകള്‍ ചരിത്രം സൃഷ്ടിച്ചു. ഇഞ്ചോടിഞ്ച് സെമിയില്‍ കര്‍ണ്ണാടകയെ 69-50ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെപെണ്‍പട ഫൈനലില്‍ പ്രവേശിച്ചത്. ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ഫൈനലില്‍ ഇടം സ്വന്തമാക്കുന്നത്. 27 വര്‍ഷം മുമ്പ് വനിതകള്‍ സെമിയില്‍ പ്രവേശിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ഇന്ന് നടക്കുന്ന കലാശക്കളിയില്‍ കേരളം തമിഴ്‌നാടിനെ നേരിടും.
കാണികള്‍ തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി കേരള ടീമംഗങ്ങള്‍ ശക്തമായ കളി പുറത്തെടുത്തെങ്കിലും കര്‍ണ്ണാടകം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
മത്സരത്തിന്റെ പകുതി സമയത്ത് കേരളത്തെ 25-25 എന്ന നിലയില്‍ കന്നഡ സംഘം തളച്ചിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം അക്രമിച്ച് കളിച്ച കേരളം കര്‍ണ്ണാടകത്തിന്റെ ബാസ്‌ക്കറ്റില്‍ തുരുതുരെ പന്തെത്തിച്ചു. ഒടുവില്‍ 19 പോയന്റ് വ്യത്യാസത്തില്‍ കര്‍ണ്ണാടക മുട്ടുകുത്തി.
പ്രാഥമിക റൗണ്ടിലേതടക്കം കളിച്ച നാലുമത്സരങ്ങളിലും വിജയിച്ചാണ് കേരള പെണ്‍കൊടികള്‍ സെമിയിലേക്ക് ടിക്കറ്റെടുത്തത്. അതിനാല്‍ത്തന്നെ സ്വര്‍ണ്ണം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ന് കളിക്കളത്തിലിറങ്ങുക.
എതിരാളിയായ തമിഴ്‌നാട് ഗെയിംസിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുന്നില്‍ കേരളം ജേതാക്കളാകുമെന്നു തന്നെയാണ് ഏവരുടെയും നിഗമനം.
കേരളത്തിനു പി.എസ്.ജീനയാണ് 54 പോയിന്റുകള്‍ വാരി മികവ് തുടരുന്നത്. പി.എസ്.നീനുമോള്‍ 12 പോയിന്റ് നേടി. സെമി ഫൈനലില്‍ 58 നെതിരെ 64 പോയിന്റുകള്‍ക്ക് മഹാരാഷ്‌ട്രയെ തോല്‍പ്പിച്ചാണ് തമിഴ്‌നാട് ഫൈനല്‍ കണ്ടത്. ഇന്നലെ നടന്ന പുരുഷ വിഭാഗം സെമിഫൈനലില്‍ കര്‍ണ്ണാടകയെ പരാജയപ്പെടുത്തി തമിഴ്‌നാട് ഫൈനലിലെത്തി.
കേരളത്തിന്റെ പുരുഷ സംഘം നേരത്തെ തന്നെ പുറത്തായിരുന്നു. ലൂസേഴ്‌സ് ഫൈനലും ഇന്ന് ഉച്ചയ്‌ക്ക് നടക്കും.
















