തൃശൂര്‍: പ്രതിസന്ധിയിലും കൈവിടാത്ത ആത്മവീര്യത്തിലൂടെ നയന. ബി.പോള്‍ കേരളത്തിന് സമ്മാനിച്ചത് വെങ്കല വെട്ടം.ജൂഡോയില്‍ വനിതകളുടെ 63 കിലോ വിഭാഗത്തിന്റെ പ്ലേ ഓഫില്‍ മണിപ്പൂരിന്റെ എം. ബിനാ ദേവിയെ കീഴടക്കിയാണ് നയന മെഡലണിഞ്ഞത്.
ആദ്യ പാദത്തില്‍ ദല്‍ഹിയുടെ ഷെല്‍സയെ തോല്‍പ്പിച്ച് സെമിയില്‍ ഇടംനേടിയെങ്കിലും നയനയ്‌ക്ക് മുന്നോട്ടുപോകാനായില്ല. സെമി ഫൈനലില്‍ ഹരിയാനയുടെ ഗരിമ ചൗധരിയോട് മുട്ടുകുത്തി. ഗരിമ പിന്നീട് സ്വര്‍ണവും കൈക്കലാക്കി.ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെങ്കിലും വെങ്കല നേട്ടത്തില്‍ നയന സന്തുഷ്ടയാണ്.
പട്യാലയിലെ പരിശീലനത്തിനിടെ തോളെല്ലിനേറ്റ ഗുരുതരമായ പരിക്കുമൂലം ഒരു വര്‍ഷമായി മത്സര രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു നയന. തിരിച്ചുവരവിനു ശേഷമുള്ള രണ്ടാമത്തെ വേദിയാണ് ദേശീയ ഗെയിംസിലേത്.
അഞ്ച് വര്‍ഷമായി കേരളത്തെ പ്രതിനിധീകരിക്കുന്ന നയന ജൂനിയര്‍ നാഷണലില്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.സീനിയര്‍ നാഷണലില്‍ 2012ലും 2013ലും വെള്ളി മെഡല്‍ കൊയ്തു. മംഗോളിയയില്‍ നടന്ന ജൂഡോ ലോകകപ്പിലും ജപ്പാനില്‍ നടന്ന എക്‌സ്‌ചേഞ്ച് ഗെയിംസിലും രാജ്യത്തിനുവേണ്ടി പോരാടി.സ്‌പോര്‍ട് കൗണ്‍സിലിലെ കോച്ച് തൃശൂര്‍ സ്വദേശി ശരത് ചന്ദ്രന്റെ കീഴിലാണ് നയനയുടെ പരിശീലനം.
കളിക്കളത്തില്‍ മാത്രമല്ല പഠനത്തിലും മിടുക്കിതന്നെ ഈ കേരള താരം. ഫ്രഞ്ച് ഫിലോസഫിയിലും ഫിസിക്കല്‍ എഡ്യൂക്കേഷനിലും ബിരുദവും ജൂഡോയില്‍ എ ഗ്രേഡോട് കൂടിഡിപ്ലോമയും സിഐഎസ്എഫില്‍ എഎസ്‌ഐയായ നയന സ്വന്തമാക്കിയിട്ടുണ്ട്.
കട്ടപ്പന സ്വദേശിനി ഡോ. മിനി ബാലിന്റെയും ഉത്തര്‍ പ്രദേശ് സ്വദേശി എസ്.എസ്. ബാലിന്റേയും മൂന്നാമത്തെ മകളായ നയന ഇപ്പോള്‍ എരുമേലി നിവാസിയാണ്.
















