തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാക്രമം മാറ്റിവച്ച് 45 ദിവസത്തിനകം ദേശീയ ഗെയിംസിന്റെ കണക്കുകളുടെ ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉന്നതതല അന്വേഷണം വേണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഗെയിംസിന് ശേഷം പരിഗണിക്കും.
ഗെയിംസിന്റെ സമാപനച്ചടങ്ങുകള്‍ മുന്‍ തീരുമാനപ്രകാരം നടക്കുമെന്നും ചെലവ് കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
2011ലെ ബജറ്റ് അനുസരിച്ചാണ് 2015ല്‍ പരിപാടികള്‍ നടത്തുന്നത്. ഗെയിംസിന് ശേഷം സ്റ്റേഡിയങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലവിലില്ല. സ്റ്റേഡിയങ്ങള്‍ ഒന്നും നാഥനില്ലാതെ നശിക്കുന്ന സാഹചര്യം ഉണ്ടാവില്ല. സംസ്ഥാനത്തിന് അവ മുതല്‍ക്കൂട്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം 14ന് ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസിനായി എത്തിച്ച ഉപകരണങ്ങള്‍ ഒന്നുപോലും പാഴാവില്ല.
നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിച്ച് വാങ്ങേണ്ടി വന്നപ്പോള്‍, ഇവയില്‍ പലതും എത്താന്‍ വൈകി. എന്നാല്‍ ഗെയിംസ് നടത്തിപ്പിന് ഇവയൊന്നും തടസ്സമായില്ല. മോഹന്‍ലാല്‍ തിരികെ നല്കിയ ചെക്ക് എന്തു ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനിക്കും. സര്‍ക്കാരുമായി സഹകരിച്ച് പരിപാടി നടത്തിയതിന്റെ പേരില്‍ ആക്ഷേപം കേള്ക്കേണ്ടിവന്നതുകൊണ്ടാണ് മോഹന്‍ലാലിനെ വീട്ടില്‍പോയി സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















